ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29 ന് ഉച്ചക്ക് തിരികെ പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ പത്തിന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഹെലിക്കോപ്റ്റര്‍ മാര്‍ഗം ചെങ്ങന്നൂരിലേക്ക് പോകും. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ച ശേഷം അവിടെ നിന്നും ആലപ്പുഴയിലെ ദുരിതബാധിത ക്യാംപ് സന്ദര്‍ശിക്കും. തുടര്‍ന്ന് ക്യാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നിര്‍മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ ഇരുപത് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് കൈമാറും. 3.30 ഓടെ കൊച്ചിയില്‍ എത്തും. ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും രാഹുല്‍ സന്ദര്‍ശിക്കും. 29 ന് രാവിലെ എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ എറണാകുളം ഡി.സി.സി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികള്‍ രാഹുല്‍ ഗാന്ധി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തും. അവിടെ നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് പോകും. 11.30 മുതല്‍ 12.30 വരെ കോട്ടത്തറ വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങുമെന്ന് എം.എം ഹസന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."