പോളിങ് വര്‍ധന; പ്രതീക്ഷവച്ച് മുന്നണികള്‍
മലപ്പുറം: ഒന്നര മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ പെട്ടിയിലായ വോട്ടുകളുടെ ശതമാന വര്‍ധനവില്‍ പ്രതീക്ഷ വച്ച് മുന്നണികള്‍. ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ പോലും ഉണ്ടാവാത്ത വോട്ടുശതമാനമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി ഉണ്ടായത്.
പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലും മികച്ച പോളിങ് നടന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71.21 ശതമാനവും 2017ലെ ഉപതെരഞ്ഞെടുപ്പില്‍ 71.33 ശതമാനവും വോട്ടു രേഖപ്പെടുത്തിയ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ 75.43 ശതമാനമാണ് പോളിങ്.
സിറ്റിങ് എം.പി ഇ.ടി മുഹമ്മദ് ബഷീറിനെതിരേ ഇടതുപക്ഷം സ്വതന്ത്രനായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ ഇറക്കി പരീക്ഷിച്ച പൊന്നാനിയില്‍ 73.84 ശതമാനമായിരുന്നു 2014 ലെ പോളിങ്. ഇത് ഇത്തവണ 74.96 ശതമാനമായി വര്‍ധിച്ചു.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കൂടി. ആദ്യ ഘട്ടത്തില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെങ്കിലും വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പോളിങില്‍ മാറ്റമുണ്ടായി. പോളിങ് ശതമാനം കൂടിയത് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളുടെയും അവകാശവാദം. ന്യൂനപക്ഷ വോട്ടുകള്‍ നേടാനായതും രാഹുല്‍ തരംഗവും പോളിങ് വര്‍ധനവിനു കാരണമായതായാണ് യു.ഡി.എഫ് വിലയിരുത്തല്‍. പ്രചാരണം നടത്താന്‍ ഒന്നര മാസത്തോളം സമയം കിട്ടിയതും അനുകൂലമായി. പൊന്നാനിയിലും മലപ്പുറത്തും മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്നാണ് കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ യു.ഡി.എഫ് നേതാക്കളുടെ നിരീക്ഷണം.
അതേസമയം, പോളിങിലെ വര്‍ധനവ് തങ്ങള്‍ക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. മുന്‍പ് ഉയര്‍ന്ന പോളിങുണ്ടായ സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്തും തിരൂരിലുമെല്ലാം ലീഗിന് അടിപതറിയതെന്നുമാണ് നേതാക്കളുടെ നിരീക്ഷണം.
പോന്നാനിയില്‍ കോട്ടക്കല്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങള്‍ ഒഴികെ മറ്റു അഞ്ച് മണ്ഡലങ്ങളിലും ലീഡ് ചെയ്യാനാകുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. അതേസമയം, എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം ആറു മണ്ഡലങ്ങളിലാണ് വിജയം ഉറപ്പെന്ന് വിലയിരുത്തിയത്. ഇതില്‍ പൊന്നാനിയും മലപ്പുറവുമില്ല. പൊന്നാനിയിലും മലപ്പുറത്തും മികച്ച മത്സരം നടത്താനായി എന്നു മാത്രമാണ് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."