കുട്ടികളുടെ 'ജലഗുരുവായി' പപ്പേട്ടന്
പയ്യന്നൂര്‍: ആണ്, പെണ് വ്യത്യാസമില്ലാതെ സ്വന്തം നാട്ടിലെ രണ്ടായിരത്തിലധികം കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പിച്ച് മുന്‍ രാജ്യാന്തര നീന്തല്‍താരം പാറമ്മല്‍ പത്മനാഭന്. പയ്യന്നൂര്‍ മുത്തത്തി സ്വദേശിയും എടാട്ട് താമസക്കാരനുമായ പത്മനാഭന് എന്ന നാട്ടുകാരുടെ പപ്പേട്ടന് പൊലിസില്‍ അസിസ്റ്റന്റ് കമാന്‍ഡറായി സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രദേശത്തെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കാന് തുടങ്ങിയത്.
സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്സില്‍ സര്‍വിസിലിരിക്കെ പത്മനാഭന് നീന്തി നേടിയ നേട്ടങ്ങള്‍ സി.ആര്.പി.എഫിന്റെ കായിക മേഖലയുടെ കൂടി ചരിത്രമാണ്. 1975-91 വരെയുള്ള കാലഘട്ടത്തില്‍ നീന്തല്കുളങ്ങളില് നിന്ന് എഴുപത് സ്വര്‍ണമടക്കം നൂറ്റിയന്പതില്പരം മെഡലുകളാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
1980 ല്‍ ധാക്കയില്‍ സൗത്ത് ഏഷ്യന്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ ആദ്യമായി പ്രതിനിധീകരിച്ച് രണ്ട് വെള്ളി മെഡലുകള്‍ നേടി.
1981 ല്‍ ശ്രീലങ്ക-ഇന്ത്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പതിനഞ്ചാമത്തെ വയസില്‍ കേരള ടീമിന്റെ നീന്തല്‍ പരിശീലകനായ വത്സകുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചതിന് ശേഷമാണ് പത്മനാഭന് നീന്തല്‍ കളി കാര്യമായത്. നാടിനു വേണ്ടി നിരവധി മെഡലുകള്‍ നേടിയ ഈ രാജ്യാന്തരതാരം ഇപ്പോള്‍ ഓളപ്പരപ്പില്‍ കണ്ണൂരില്‍ നിന്നൊരു യുവതാരത്തെ കണ്ടെത്താനുള്ള തീവ്ര യത്നത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."