തെരഞ്ഞെടുപ്പില്‍ തിളങ്ങി ജില്ലാ ഭരണകൂടം
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പോളിങ് ശതമാനവുമായി ജില്ല അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോള്‍ തിളങ്ങിയത് ജില്ലാ ഭരണകൂടം. പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടം നല്‍കാതെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. വോട്ടിങ് മെഷീന്‍ പണിമുടക്കിയതും വൈദ്യുതി തകരാറും മൂലമുണ്ടായ കാലതാമസവും മാറ്റിനിര്‍ത്തിയാല്‍ തികച്ചും സുഗമമായ രീതിയിലായിരുന്നു ജില്ലയിലെ പോളിങ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ ജനങ്ങള്‍ക്കിടയില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയിലെ ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍. പുതുമുഖ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കുന്നതിന് ഇതു സഹായകമായി. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ പ്രയാസമുള്ള 16 ബൂത്തുകളൊഴികെയുള്ള ജില്ലയിലെ 1841 ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പോളിങ് സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ചില അനിഷ്ട സംഭവങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സ്ഥലങ്ങളില്‍ അപ്പപ്പോള്‍ തന്നെ കലക്ടര്‍ നേരിട്ട് പോളിങ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രശ്‌നങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സഹായകമായി.
ജില്ലാ കലക്ടര്‍ക്കു പുറമെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, ജില്ലാ പൊലിസ് മേധാവി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, വിവിധ നോഡല്‍ ഓഫിസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ തെരഞ്ഞെടുപ്പ് മികച്ചൊരു അനുഭവമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."