വാജ്‌പേയിയുടെ മരണം മോദിയുടെ പ്രസംഗത്തിനുവേണ്ടി മറച്ചുവച്ചെന്ന് ശിവസേന
ന്യൂഡല്‍ഹി: വാജ്‌പേയി നേരത്തെ മരിച്ചിരുന്നുവെന്നും മോദിയുടെ പ്രസംഗത്തിനായി മരണവിവരം മറച്ചുവെക്കുകയായിരുന്നുവെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തില്‍ രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്താണ് സംശയം പ്രകടിപ്പിച്ചത്. ഓഗസ്റ്റ് 16നാണ് വാജ്‌പേയിയുടെ മരണം പുറംലോകം അറിയുന്നത്. എന്നാല്‍, 12, 13 തിയതികളില്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഈ ദിവസങ്ങളില്‍ ആരോഗ്യനില വഷളായതായി വാര്‍ത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സഞ്ജയ് റാവത്ത് മരണവിവരം പുറത്തുവിടാന്‍ സ്വാതന്ത്ര്യദിനാഘോഷം കഴിയാന്‍ കാത്തിരുന്നതാണോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്. കാരണം സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഈ പ്രസംഗം തടസപ്പെടാതിരിക്കാനാണ് വിവരം മറച്ചുവെച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ജനങ്ങളേക്കാള്‍ മുന്‍പ് ജനപ്രതിനിധികള്‍ സ്വരാജ്യം എന്തെന്നറിയണം. സ്വാതന്ത്ര്യദിനത്തിന് മുന്‍പ് വാജ്‌പേയി മരിച്ചിരുന്നുവെങ്കില്‍ ദേശീയ ദുഃഖാചരണം നടത്തേണ്ടി വരുമായിരുന്നു. ദേശീയപതാക താഴ്ത്തിക്കെട്ടേണ്ടി വരുമായിരുന്നു. ആ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്റെ പ്രാധാന്യവും കുറയുമായിരുന്നു. ഈ കാരണങ്ങളാലാണ് ബി.ജെ.പി സര്‍ക്കാര്‍ മരണവിവരം പുറത്തുവിടാതിരുന്നതെന്ന് റാവത്ത് ആരോപിക്കുന്നു.
രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന നികുതി പണം കൊണ്ടാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നത്. അതുപോലെ ഇത്തരത്തില്‍ സമാഹരിക്കുന്ന ആയിരക്കണക്കിന് കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ഇത്തരത്തിലാണ് പുതിയ കാലത്തെ സ്വരാജ് (സ്വയംഭരണം) പ്രവര്‍ത്തിക്കുന്നതെന്നും റാവത്ത് ലേഖനത്തില്‍ പറയുന്നു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ശിവസേന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."