ചെമ്പഴന്തി ഗുരുകുലത്തില്‍ പ്രാര്‍ഥനാ യജ്ഞം
ശ്രീകാര്യം: ശ്രീനാരായണ ഗുരുവിന്റെ 164-ാമത് ജയന്തി ആഘോഷം ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ പ്രാര്ഥനായജ്ഞത്തോടെ ആചരിച്ചു. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനങ്ങളും കലാപരിപാടികളും സാഹിത്യമത്സരങ്ങളും ഒഴിവാക്കിയിരുന്നു.
രാവിലെ 9ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി വി.എസ് ശിവകുമാറും ഗുരുകുലം സന്ദര്‍ശിച്ച് ഗുരുദേവ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുക്കുകയും ചെയ്തു. വൈകിട്ട് 4ന് അലങ്കരിച്ച ഗുരുദേവ റിക്ഷയുമായി ഗുരുകുലത്തില്‍ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര വെഞ്ചാവോട് ജങ്ഷന് വരെ പോയി തിരികെ ഗുരുകുലത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീനാരായണ ഭക്തരും നാട്ടുകാരും ഘോഷയാത്രയെ സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് വയല്‍വാരം വീട്ടില്‍ ഗുരുദേവ പ്രതിമയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പുഷ്പാര്‍ച്ചന നടത്തി.
ശേഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെമ്പഴന്തി പേച്ചുവിളാകത്ത് രാജപ്പന്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പൊതുജന സഹായത്തോടെ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ഗുരു ജനിച്ച വയല്‍വാരം വീടിന്റെ മുന്നില്‍ വച്ച് മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."