സി.ആര്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത് മഹത്തരമായ നടപടി: കാനം
കൊല്ലം: പത്രപ്രവര്‍ത്തകരുടെ നേതാവായിരുന്ന സി.ആര്‍ രാമചന്ദ്രന്റെ ശാശ്വത സ്മരണ നിലനിര്‍ത്താന്‍ സി.ആര്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത് ഏറ്റവും മഹത്തരമായ നടപടിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സി.ആര്‍ രാമചന്ദ്രന്‍ ഫൗണ്ടേഷനും, സ്മൃതിദിനാചരണവും കൊല്ലം പ്രസ്‌ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രമുഖനായ പത്രപ്രവര്‍ത്തകനും മികച്ചസംഘാടകനുമായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരുടെ ഉന്നതിക്കുവേണ്ടി സി.ആര്‍ അക്ഷീണം പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ ശ്രമഫലമാണെന്ന് കാനം ചൂണ്ടിക്കാട്ടി. ഇന്ന് മാധ്യമരംഗത്ത് കോര്‍പറേറ്റ് മാധ്യമങ്ങളുടെ സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. സ്ഥിരം ജീവനക്കാര്‍ എന്ന സങ്കല്‍പ്പം മാറിയിരിക്കുന്നു. ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ മാധ്യമസ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും കരാര്‍ ജീവനക്കാരാണ്. ത്രികക്ഷി സമിതി വളര്‍ന്ന് വന്നത് വ്യവസായ സമധാനത്തിനാണ്. ഇന്നത് ഇല്ലെന്നും സി.ആര്‍ ഫൗണ്ടേഷന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ആര്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ്. സുധീശന്‍ അധ്യക്ഷനായി. പത്രപ്രവര്‍ത്തന രംഗത്ത് നേതൃസ്ഥാനം വഹിച്ച മികവുറ്റ പത്രപ്രവര്‍ത്തകനായിരുന്നു സി.ആര്‍ എന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
എല്ലാവരുടെയും മനസില്‍ ചിരിച്ചമുഖമായിരുന്നു എപ്പോഴും സി.ആര്‍ രാമചന്ദ്രനെന്ന് മുഖ്യാതിഥിയായി സംബന്ധിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സൗമ്യമായ പെരുമാറ്റം സിആറിന്റെ സവിശേഷതയായിരുന്നു. സി.ആര്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെങ്കിലും കെ കരുണാകരന്റെ മുറിയില്‍ അനുവാദമില്ലാതെ കയറിചെല്ലാന്‍ സി.ആറിന് സ്വാതന്ത്യമുണ്ടായിരുന്നുവെന്നും ഡോ. ശൂരനാട് രാജശേഖരന്‍ ഓര്‍മിപ്പിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സി.ആര്‍ ഫൗണ്ടേഷനു കഴിയട്ടേയെന്നും ഇതിന് കേരള മീഡിയാ അക്കാദമിയുടെ പിന്തുണയുണ്ടാകുമെന്നും മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പ്രതാപചന്ദ്രന്‍, സെക്രട്ടറി എ. മാധവന്‍ എന്നിവരും സംസാരിച്ചു.
ചടങ്ങില്‍ കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു സി.ആര്‍ സ്മൃതി സുവനീറിന്റെ ഒരു കോപ്പി പ്രസ്‌ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്തിന് നല്‍കി പ്രകാശനം ചെയ്തു. സി.ആറിന്റെ സഹോദരി സീത ചടങ്ങില്‍ സി.ആര്‍ അനുസ്മരണക്കുറിപ്പ് വായിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ സി.പി രാജശേഖരന്‍, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് കെ. സുന്ദരേശന്‍ സംസാരിച്ചു. ഡോ. വി.എസ് സ്മൃതി പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."