ആരോഗ്യ സുരക്ഷ; ജാഗ്രത പാലിക്കണം
കല്‍പ്പറ്റ: വെള്ളംപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പ്രധാനമായും പാമ്പ് കടി, പരുക്കുകള്‍, ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, മലിന ജലവുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് വെല്ലുവിളികള്‍.
പാമ്പുകടിയേറ്റയാളെ സമാധിപ്പിക്കുകയാണ് പ്രധാനം. പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചയുടനെ പാമ്പുകടിയേറ്റയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം. കടിച്ച പാമ്പ് വിഷമുള്ളതാണോ എന്നറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യമാണ്.
ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളില്‍ ക്ലോറിനേഷന്‍ തന്നെയാണ് ഉത്തമം. ഒരു കാരണവശാലും ചൂടാറ്റുവാന്‍ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്. കലക്കു മാറ്റാന്‍ ഒരു പ്രതിവിധി എന്ന നിലയില്‍ കിണറില്‍ 'ആലം' പോലുള്ള കെമിക്കല്‍ ചേര്‍ക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ കിണറുകളില്‍ ആലം ഉപയോഗിക്കുമ്പോള്‍ പല ആരോഗൃപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. നന്നായി ക്ലോറിനേറ്റു ചെയ്യുകയാണെങ്കില്‍ കിണറിലെ വെള്ളം വറ്റിച്ചു കളയേണ്ട ആവശ്യമില്ല. പാത്രം കഴുകുന്ന വെള്ളം പച്ചക്കറികള്‍ കഴുകുന്ന വെള്ളമൊക്കെ ശുദ്ധമാക്കാന്‍ ക്ലോറിന്‍ ടാബ്ലറ്റ് ബക്കറ്റിലെ വെള്ളത്തില്‍ നിക്ഷേപിക്കാം. ഭക്ഷണത്തിനു മുമ്പും ശുചിമുറി ഉപയോഗ ശേഷവും കൈകള്‍ നിര്‍ബന്ധമായും സോപ്പിട്ടു കഴുകുക. പാചകം ചെയ്യും മുമ്പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. ആറുമാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക. ആറുമാസം കഴിഞ്ഞ കുട്ടികള്‍ക്കും വെള്ളത്തിനു പകരം പരമാവധി മുലപ്പാല്‍ തന്നെ കൊടുക്കുക. വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ് ലായനി തയ്യാറാക്കി കുടിപ്പിക്കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളവും കൂടുതലായി നല്‍കുക. നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയിലെത്തിക്കുക. തുറസായ ഇടങ്ങളില്‍ ജലസ്രോതസുകള്‍ക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
എലിപ്പനിയെ പ്രതിരോധിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴക്കെടുതിയില്‍ ചളിവെള്ളത്തില്‍ ഇറങ്ങിനടക്കേണ്ടിയോ നീന്തേണ്ടിയോ വന്നവര്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍, ക്യാംപില്‍ കഴിഞ്ഞവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക കെടുതി മാറുമ്പോള്‍ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതല്‍ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആദ്യം പ്രതീക്ഷിക്കുന്ന ഏറ്റവും അപകടകാരിയായ രോഗം എലിപ്പനിയാണ്. ഇതു പ്രതിരോധിക്കാന്‍ മേല്‍പറഞ്ഞ എല്ലാവരും പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിച്ചുവെന്ന് ഉറപ്പുവരുത്തണം. വയനാട്ടില്‍ കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ എലിപ്പനിക്കു കാരണമാകുന്നത്. ഇവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള ഇടങ്ങളുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ പരമാവധി മലിന ജലവുമായി സമ്പര്‍ക്കം ഒഴിവാക്കണം. അഴുക്കുവെള്ളത്തിലിറങ്ങുമ്പോള്‍ ഗം ബൂട്ടും, കൈയുറയും നിര്‍ബന്ധമായും ഉപയോഗിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശൂചികരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും എലിപ്പനിക്കെതിരേ പ്രതിരോധ ഗുളിക കഴിക്കണം.
കടുത്ത പനിയും തലവേദനയും വിറയലും ശരീരവേദനയും കണ്ണിന് ചുവപ്പും എലിപ്പനിയുടെ പ്രാരംഭ ലക്ഷണമാകാം. പ്രധാനമായും എലിമൂത്രത്തില്‍ നിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത് അതിനാല്‍ മലിന ജലത്തില്‍ മുഖം കഴുകുയോ കുളിക്കുകയോ ചെയ്യരുത്. എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കുന്നത് മരണത്തിനു കാരണമായേക്കും.
കൊതുകു ജന്യ രോഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വരുന്ന രോഗങ്ങളാണ്. കൊതുക് മുട്ടയിട്ടു പെരുകുന്നത് ഒഴുവാക്കാന്‍ വെള്ളക്കെട്ടുകള്‍ കണ്ടെത്തി നശിപ്പിക്കണം. വീടും പരിസരവും അരിച്ചുപ്പെറുക്കി അല്‍പം പോലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ത്വക് രോഗങ്ങള്‍ തടയാന്‍ കഴിയുന്നതും തൊലി ഉണക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. വളം കടി പോലുള്ള രോഗങ്ങള്‍ കണ്ടാല്‍ കൈകാലുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വളം കടിയുളള സ്ഥലങ്ങളില്‍ ജെന്ഷന് വയലറ്റ് പുരട്ടുകയോ ആവശ്യമെങ്കില്‍ ഡോക്ടറെ കാണിക്കുകയോ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."