ഇരുട്ടടിയായി ഫറോക്ക് നഗരസഭയില്‍ ഗാര്‍ഹിക നികുതിയില്‍ വര്‍ധനവ്
ഫറോക്ക്: ജനത്തിന് ഇരുട്ടടി നല്‍കി ഫറോക്ക് നഗരസഭയില്‍ ഗാര്‍ഹിക നികുതി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിട നികുതി വര്‍ധിപ്പിക്കാതെ വീട്ടു നികുതി മാത്രം ഉയര്‍ത്താനാണ് നഗരസഭ അധികൃതരുടെ നീക്കം.
നിലവില്‍ സ്‌ക്വയര്‍ ഫീറ്റിന് ആറു രൂപയുണ്ടായിരുന്നത് ഒന്‍പത് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഇതു സംബന്ധിച്ച് അറിയിപ്പ് നഗരസഭ പുറപ്പെടുവിച്ചു കഴിഞ്ഞു. കെട്ടിട നികുതി വര്‍ധനവുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള ആക്ഷേപങ്ങള്‍ രേഖാമൂലം സെപ്റ്റംബര്‍ ആറിന് മുന്‍പ് സെക്രട്ടറിക്ക് നല്‍കാവുന്നതാണ്.
നഗരസഭകളിലെ വീടുകള്‍ക്കുള്ള അടിസ്ഥാന നികുതി നിരക്കാണ് ഇതുവരെ ഫറോക്കില്‍ ഈടാക്കിയിരുന്നത്. പഞ്ചായത്തായിരുന്ന ഫറോക്ക് നഗരസഭയിലേക്ക് മാറിയപ്പോള്‍ ജനങ്ങള്‍ക്ക് അധികബാധ്യത വരുത്തിവയ്‌ക്കേണ്ടെന്നു കരുതിയാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി നികുതി വര്‍ധിപ്പിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ നഗരസഭ ഭരിക്കുന്ന എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സമിതിയാണ് തീരുമാനം മാറ്റി നികുതി വര്‍ധനവിനൊരുങ്ങുന്നത്. ജൂലൈ 30ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം യു.ഡി.എഫ് അംഗങ്ങളുടെ വിയോജിപ്പോടെ തീരുമാനം പാസാക്കുകയാണുണ്ടായത്
ഫറോക്കിനൊപ്പം നഗരസഭയായി മാറിയ തൊട്ടടുത്ത രാമനാട്ടുകരയില്‍ വീട്ടു നികുതി ഏഴു രൂപയാണ് ഈടാക്കുന്നത്. ഫറോക്കില്‍ നികുതി ഒറ്റയടിക്ക് മൂന്നു രൂപ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാതെ ഗാര്‍ഹിക നികുതി വര്‍ധിപ്പിക്കുന്നത് സാധരണ ജനത്തോടുള്ള വെല്ലുവിളിയാണെന്നാണ് ആക്ഷേപം.
അതേസമയം ഗ്രാമപഞ്ചായത്തുകളിലെ ഉയര്‍ന്ന നികുതി നിരക്കാണ് ഫറോക്കില്‍ ഈടാക്കിയിരുന്നതെന്നും മുനിസിപ്പാലിറ്റികള്‍ക്ക് എട്ടു മുതല്‍ 12 രൂപ വരെ നികുതി ചുമത്താമെന്നും നഗരസഭാ സെക്രട്ടറി കെ. ദിനേഷ്‌കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."