എല്ലുപൊടി കമ്പനിയുടെ പ്രവര്‍ത്തനം തടയാനെത്തിയവരെ മര്‍ദിച്ചതായി പരാതി
പെരുമ്പാവൂര്‍: മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നിരോധന ഉത്തരവ് ലംഘിച്ച് വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിലുളള എല്ലുപൊടി കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നതിനെത്തിയ നാട്ടുകാര്‍ക്കെതിരേ സ്ഥാപന ഉടമയും സംഘവും നടത്തിയ അക്രമത്തില്‍ ഗിരിജന്‍ സ്ത്രീകള്‍ക്ക് പരുക്കേറ്റതായി പരാതി. മര്‍ദനത്തിനിരയായ പെരുമാനി ഓട്ടത്താണി ഗിരിജന്‍ കോളനി നിവാസികളായ ചിന്നമ്മ ശങ്കര്‍, ബീന ശിവന്‍ എന്നിവര്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗിരിജന്‍ കോളനിയോട് ചേര്‍ന്നാണ് എല്ലുപൊടി കമ്പനി പ്രവര്‍ത്തിക്കുന്നത്. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമണം അരങ്ങേറിയതെന്ന് പരിസ്ഥിതി സംരക്ഷമ കര്‍മ സമിതി ഭാരവാഹികള്‍ ആരോപിച്ചു. എല്ലുപൊടി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും എല്ല്, തോല്‍, നെയ്യ് എന്നിവ കമ്പനിയില്‍ ശേഖരിച്ചു വയ്ക്കരുതെന്നും മൂവാറ്റുപുഴ ആര്‍.ഡി.ഒ ഏഴ് മാസം മുമ്പ് നിരോധന ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴക്കും പ്രളയക്കെടുതികള്‍ക്കുമിടയില്‍ കമ്പനിയില്‍ എല്ല് പൊടിക്കുകയും തോല്‍ ഉറയിടുകയും നെയ്യ് ശേഖരിച്ച് വയ്ക്കുകയും ചെയ്തതായും. മഴ മാറിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം സമീപ പ്രദേശത്ത് വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. സ്ഥലം പഞ്ചായത്ത് മെമ്പര്‍ എല്‍ദോ മോസസ്സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജി ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മൂവാറ്റുപുഴ ആര്‍.ഡി.ഒ. സ്ഥലത്തെത്തി അന്വേഷണം നടത്തി.
എന്നാല്‍ കോടതിയുടെ ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ച് ഒരു കൂട്ടം ആളുകള്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് തന്റെ കമ്പനിയില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയതായും സംഭവമറിഞ്ഞ് കമ്പനിയിലെത്തിയ തന്നെയും സുഹൃത്ത് ജമാല്‍ മേത്തറ എന്നയാളെയും എല്‍ദോ, ജോയി എന്നിവര്‍ ചേര്‍ന്ന് തലക്കടിച്ചതായും സ്വപ്ന ബോണ്‍മില്‍കമ്പനി ഉടമ കെ.എച്ച്. അബ്ദുള്ള അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."