HOME
DETAILS

തിര വിഴുങ്ങുന്ന തീരങ്ങള്‍

  
backup
August 29 2020 | 21:08 PM

cover-story-on-kadalkshobham

ലോക്ക്ഡൗണും തൊഴിലില്ലായ്മയും ഒപ്പം രൂക്ഷമായ കടലാക്രമണവും ചേര്‍ന്ന ദുരന്തമുഖത്താണ് കേരളതീരം. ശംഖുംമുഖത്തും ആലപ്പാട്ടും ആറാട്ടുപുഴയിലും ചെല്ലാനത്തുമൊക്കെയുള്ള തീരങ്ങളില്‍ കടല്‍ക്കയറ്റം വലിയ പ്രതിസന്ധിയാണ് ഈ കൊവിഡ് കാലത്തുണ്ടാക്കിയത്. കാലാകാലങ്ങളായി കാലവര്‍ഷം ശക്തിപ്രാപിക്കുന്ന മാസങ്ങളില്‍ പൊതുവേ കടല്‍ക്ഷോഭം കൂടുതലാണ്. അതിന്റെ ഭാഗമായി നിരന്തരമായ തീരശോഷണവും ഉണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. ഇപ്പോള്‍ കൂടുതല്‍ സംഹാരശക്തിയോടെ കര കടലെടുക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ പല തീരങ്ങളിലും കര തന്നെ ഇല്ലാതാകും.


സമുദ്രജലനിരപ്പിലെ വര്‍ധനയാണ് തീരശോഷണം രൂക്ഷമാകാന്‍ ഒരു കാരണം. കാലാവസ്ഥയിലെ ഈ വ്യതിയാനത്തിനൊപ്പം വേണ്ടത്ര ശാസ്ത്രീയ പഠനങ്ങളില്ലാതെ നടത്തുന്ന ഖനനവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തീരങ്ങളില്‍ നാശത്തിനു വഴിതെളിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങാണ് തിരുവനന്തപുരം ജില്ലയിലെ തീരങ്ങളുടെ നാശത്തിന് വഴിതെളിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാട്ടാകട്ടെ, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനവും. ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതല്‍ എറണാകുളം ചെല്ലാനം വരെ അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട ഹാര്‍ബറുകളാണ് ആറാട്ടുപുഴയടക്കമുള്ള ഈ തീരങ്ങള്‍ ഇല്ലാതാക്കിയത്. തോട്ടപ്പള്ളിയില്‍ നടക്കുന്ന കരിമണല്‍ ഖനനവും ഈ പ്രദേശങ്ങളിലെ ദുരിതത്തിന് ആക്കം കൂട്ടി. വടക്കാകട്ടെ, പൊന്നാനി മരക്കടവ് തീരം ഇന്നില്ല. മുറിഞ്ഞഴിയിലും പുതുപൊന്നാനിയിലുമൊക്കെ ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്.

പൊഴിയൂര്‍

തെക്കുനിന്ന് തുടങ്ങുകയാണെങ്കില്‍ പൊഴിയൂരില്‍ നിന്നുതന്നെ നമ്മുടെ തീരനഷ്ടവും തുടങ്ങുന്നു. കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ ഏറ്റവും ശക്തമായ തീരശോഷണത്തിനു വിധേയമാകുന്നത് തിരുവനന്തപുരത്താണ്. തമിഴ്‌നാട് തേങ്ങാപ്പട്ടണത്ത് പൂര്‍ത്തിയാക്കിയ ഹാര്‍ബറാണ് ആ തീരത്തെയാകെ ഇല്ലാതാക്കാന്‍ തുടങ്ങിയത്. കടലാക്രമണം രൂക്ഷമായതോടെ തമിഴ്‌നാട് സര്‍ക്കാര്‍ കൂറ്റന്‍ കടല്‍ഭിത്തികളിട്ടു. കൊല്ലങ്കോട് മുതല്‍ എഴുപത്തിയഞ്ച് മീറ്ററോളം ദൂരത്തിലാണ് പുലിമുട്ട് ഇട്ടത്. ഇതോടെ തിരയടി ശക്തമായി. പൊഴിയൂരും പരുത്തിയൂരും തെക്കെ കൊല്ലങ്കോടുമൊക്കെ വള്ളമിറക്കാന്‍ പോലും കഴിയില്ലെന്ന് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിനു പരിഹാരമായി പരുത്തിയൂരില്‍ ഹാര്‍ബര്‍ സ്ഥാപിക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം.

ശംഖുംമുഖം, വലിയതുറ,
പൂന്തുറ, പനത്തുറ

ശംഖുംമുഖം, വലിയതുറ, പൂന്തുറ, പനത്തുറ മേഖലകളേയും കടല്‍കയറ്റം ഇത്തവണ രൂക്ഷമായി ബാധിച്ചു. ശംഖുംമുഖം മുതല്‍ വലിയതുറ എഫ്.സി.ഐ ഗോഡൗണ്‍ വരെയുള്ള ഇരുന്നൂറോളം വീടുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലായി. ശംഖുംമുഖത്തെ പഴയ ബീച്ച് പൂര്‍ണ്ണമായും കടലെടുത്തു. വിമാനത്താവളത്തിലേക്കുള്ള പഴയ പാതയുടെ പകുതിയോളം കടലെടുത്തു. തുറമുഖ നിര്‍മ്മാണത്തിനായി വിഴിഞ്ഞത്ത് തീരക്കടലിലെ മണല്‍ കോരി അദാനി പോര്‍ട്ട് തീരം നികത്തിയപ്പോള്‍ അവഗണിക്കപ്പെട്ടത് ഒരിടത്തുനിന്നും മണല്‍ കോരിയെടുത്താല്‍ വേറൊരിടത്ത് തീരം ഇല്ലാതാകും എന്ന ലളിതമായ കടലറിവായിരുന്നു. മുതലപ്പൊഴിയില്‍ ഉണ്ടാക്കിയ പുലിമുട്ട് കാരണം താഴമ്പള്ളി മുതല്‍ മാമ്പള്ളി വരെയുള്ള അഞ്ചുതെങ്ങ് പ്രദേശം മുഴുവനായും കടലെടുത്ത് പോയത് മറ്റൊരു ഉദാഹരണം.

ആലപ്പാട്

മണല്‍ഖനനം ഇല്ലാതാക്കിയ ഒരു പ്രദേശത്തിന്റെ കഥയാണ് കൊല്ലം ജില്ലയിലെ ആലപ്പാടിന് പറയാനുള്ളത്. ഭൂപടത്തില്‍ നിന്നില്ലാതാകുന്ന ഒരു പ്രദേശമെന്ന പേരുയര്‍ത്തി സോഷ്യല്‍ മീഡിയ മാസ് ക്യാംപയിനും പ്രതിഷേധങ്ങളുമൊക്കെയായി കുറച്ചുകാലം ആലപ്പാട് ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ തുരന്നെടുക്കുന്ന ജെ.സി.ബി കൈകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി ഇന്നും ആലപ്പാട് നിവാസികള്‍ സമരത്തിലാണ്. അധികൃതരും പൊതുസമൂഹവും കൈയൊഴിഞ്ഞ ഒരു ജനത അതിജീവനത്തിനായി ഇന്നും സമരമുഖത്താണ്.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ,
പുറക്കാട്

അശാസ്ത്രീയമായ ഹാര്‍ബറുകളുടെ നിര്‍മാണവും തോട്ടപ്പള്ളി, വലിയഴീക്കല്‍ പ്രദേശങ്ങളില്‍ നടക്കുന്ന ഖനനവുമാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് മേഖലകളെ തിരയുടെ പിടിയിലേക്ക് തള്ളിയിട്ടത്. ഭൂപടത്തില്‍ നിന്നില്ലാതാകാന്‍ പോകുന്ന അടുത്ത പ്രദേശമായാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ ഈ സ്ഥലങ്ങളെ ചൂണ്ടിക്കാട്ടുന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണത്തിനു കാത്തിരിപ്പിന്റെ കഥയാണ് പറയാനുള്ളത്. എല്ലാവര്‍ഷവും കടലാക്രമണ സീസണില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തീരത്ത് കല്ലുകള്‍ ഉയരാറില്ല. സമരങ്ങളും പ്രതിഷേധങ്ങളും കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ അനുമതിയോടെ കരിമണലുമായി ചീറിപ്പായുന്ന ലോറികള്‍ക്കിടയില്‍, വലിയഴീക്കല്‍ പ്രദേശത്ത് പഞ്ചായത്തിന്റെ സ്റ്റേ ഓര്‍ഡറിന് പുല്ലുവില കൊടുത്ത് നിര്‍മാണം പുരോഗമിക്കുന്ന ഐ.ആര്‍.ഇ.എല്ലിന്റെ കരിമണല്‍ പ്ലാന്റിനിടയില്‍ ജീവിതം ചോദ്യചിഹ്നമാക്കിയാണ് ഇവിടുത്തുകാര്‍ ഓരോ ദിനവും തള്ളിനീക്കുന്നത്.

ചെല്ലാനം

കിഴക്ക് കായലും പടിഞ്ഞാറ് കടലുമുള്ള ചെല്ലാനം രണ്ടുദശാബ്ദമായി കടല്‍ക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കുന്നു. കൊച്ചി തുറമുഖത്തിനുവേണ്ടി കപ്പല്‍ ചാനലില്‍ ആഴം കൂട്ടുന്നതിനു വേണ്ടി നടത്തുന്ന ഡ്രഡ്ജിങ് തുടങ്ങിയ കാലം മുതല്‍ ചെല്ലാനം ഉള്‍പ്പെടെ എറണാകുളത്തിന്റെ പല തീരപ്രദേശങ്ങളിലും തീരശോഷണം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് ചെല്ലാനത്ത് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ഇതിന് പ്രധാന കാരണം ചെല്ലാനം തെക്ക് നിര്‍മിച്ച കൃത്രിമ ഫിഷിങ് ഹാര്‍ബറാണ്. നബാര്‍ഡില്‍ നിന്ന് 29.9 കോടി രൂപ 2010ല്‍ വായ്പയെടുത്ത് നിര്‍മിച്ച ഈ കൃത്രിമ ഹാര്‍ബറിന്റെ തെക്കേ പുലിമുട്ടിന്റെ നീളം 570 മീറ്ററാണ്. വടക്കേ പുലിമുട്ടിനാകട്ടെ, 150 മീറ്ററും. ഇവയുടെ നിര്‍മാണമാണ് ഇതിന് വടക്കുള്ള ചെല്ലാനം മേഖലയില്‍ തീരശോഷണം രൂക്ഷമാക്കിയത്. ഈ പുലിമുട്ടിനു തെക്കുള്ള തീരത്ത് മണ്ണടിയുന്നുണ്ട്. ഇത്തവണത്തെ കടല്‍ക്ഷോഭത്തില്‍ ചെല്ലാനം പ്രളയസമാനമായി.

ദുരന്തങ്ങള്‍ വെറുതെ
ഉണ്ടാവുന്നതല്ല

കടല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചോ അവയ്ക്കുള്ള പ്രതിവിധികളെക്കുറിച്ചോ കാര്യമായ ചര്‍ച്ചകളോ നടപടികളോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേരളതീരങ്ങള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികളുടെ കണക്ക് പരിശോധിച്ചാല്‍ പ്രശ്‌നത്തിന്റെ അതീവഗുരുതരാവസ്ഥ ബോധ്യമാവും. കേരളത്തിന്റെ പല വികസന നയങ്ങളും കടലിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുന്നവയാണ്.

പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ അധീനതയിലല്ല എന്നാണ് പൊതുധാരണ. എന്നാല്‍ വേരുകള്‍ വിസ്മരിച്ചുകൊണ്ടുള്ള മനുഷ്യന്റെ കടുംവെട്ടുകളാണ് പല പ്രകൃതിദുരന്തങ്ങള്‍ക്കും ഇടയാക്കുന്നത് എന്നതാണ് വാസ്തവം. ഏറ്റവുമൊടുവില്‍ കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ഉണ്ടായതില്‍ മനുഷ്യന്റെ പങ്ക് ചെറുതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഓഖി സംഭവിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് കടലില്‍ 'വാട്ടര്‍ സ്പൗട്ട്' എന്ന പ്രതിഭാസം ഉണ്ടായിരുന്നു. ശംഖുമുഖം കടല്‍ത്തീരത്തെത്തിയ വിദേശികളടക്കം ഈ കാഴ്ച കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോയും പ്രചരിച്ചു. ഇതിനാല്‍, ഈ മേഖലയില്‍, രണ്ടു ദിവസം ആരും കടലില്‍ പോയിരുന്നില്ല. കടലില്‍ അസാധാരണമായെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് അന്നുതന്നെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഓഖി ഉണ്ടായത്.


പ്രകൃതി ദുരന്തമുണ്ടായാല്‍ അതിനെക്കുറിച്ചു പഠിക്കാനും സമാന ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ എടുക്കുക എല്ലാ സമൂഹങ്ങളിലും പതിവാണ്. ഇന്ത്യയിലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഠന സമിതികളെ ചുമതലപ്പെടുത്താറുണ്ട്. എന്നാല്‍ സുനാമിയേക്കാള്‍ ഭീകരമായ ദുരന്തം ഓഖി കേരളത്തിന് സമ്മാനിച്ചിട്ടും ഇതുവരെ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പഠന സമിതിയെ പോലും ചുമതലപ്പെടുത്തിയിട്ടില്ല. കടലിനെയും അതുമായി ബന്ധപ്പെട്ട ജീവിതങ്ങളെയും സര്‍ക്കാര്‍ എത്ര പരിഗണിക്കുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ഈ വസ്തുത.

തീരങ്ങള്‍ ഇല്ലാതാവുന്ന വിധം

പ്രധാനമായും തെക്കന്‍ കേരളത്തിന്റെ കടല്‍ത്തീരങ്ങളാണ് വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. തിരുവനന്തപുരത്തെ പല കടലോരപ്രദേശങ്ങളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ പുലിമുട്ടുകളുടെ ഫലമായി തെക്കന്‍ സമുദ്രതീരങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല. വിഴിഞ്ഞത്തിന്റെ വടക്കു ഭാഗത്തുള്ള പൂന്തുറ, വലിയതുറ, ശംഖുമുഖം തുടങ്ങിയ ഇടങ്ങളില്‍ തീരം ഗണ്യമായ രീതിയില്‍ ഇല്ലാതാവുകയാണ്. എന്നാല്‍, വിഴിഞ്ഞത്തിന്റെ തെക്കു വശത്ത് അടിമലത്തുറ മുതല്‍ പൂവാര്‍ വരെ തീരം കൂടുകയാണ് ചെയ്യുന്നത്. ഇതുപോലെത്തന്നെ മുതലപ്പൊഴിയില്‍ പുലിമുട്ട് കെട്ടിയതിന്റെ ഫലമായി വടക്കു വശത്തുള്ള മാമ്പള്ളി, താഴമ്പള്ളി, അഞ്ചു തെങ്ങ് തുടങ്ങിയ തീരപ്രദേശങ്ങള്‍ കടലെടുക്കുകയും തെക്കുവശത്തുള്ള പെരുമാതുറ മുതല്‍ തുമ്പ വരെയുള്ള പ്രദേശങ്ങളില്‍ തീരം വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു തീരത്തു നിന്നും കടലെടുക്കുന്ന മണല്‍ മറു വശത്തുള്ള തീരത്തേക്ക് നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. ഈ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വൈകാതെ കേരളത്തിലെ പല തീരങ്ങളും പൂര്‍ണ്ണമായും ഇല്ലാതാകും. ഈ തീരങ്ങളില്‍ അധിവസിക്കുന്ന ജനത പലായനം ചെയ്യേണ്ടിയും വരും.


നമ്മുടെ കടലുകളില്‍ തിരമാലയുടെ ശക്തി താരതമ്യേന കൂടുതലാണ്. അപ്പോള്‍ കടലില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തിരയടിയുടെ ശക്തി കുറയ്ക്കണം. അതിനു വേണ്ടി ലോറിയില്‍ കല്ലുകള്‍ കൊണ്ടുവന്ന് കടലില്‍ നീളത്തിന് അടുക്കിയിടും. ഇങ്ങനെയാണ് കടല്‍ വെള്ളത്തിന്റെ ശക്തി കുറയ്ക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായിട്ടൊക്കെ ഇത് ചെയ്തിട്ടുണ്ട്. മണലൊഴുക്ക് എപ്പോഴും വടക്കു നിന്നു തെക്കോട്ടാണ്. ജൂണ്‍- ജൂലൈ- ഓഗസ്റ്റ് സമയത്താണ് സാധാരണയായി കരയെടുക്കല്‍ പ്രക്രിയ അഥവാ 'സീ ഇറോഷന്‍' നടക്കുന്നത്. ആ സമയത്ത് ഒരു വശത്തു നിന്നും കടലെടുക്കുന്ന മണല്‍ മറുവശത്ത് നിക്ഷേപിക്കപ്പെടുന്നു. മണ്‍സൂണ്‍ കാലം കഴിയുമ്പോള്‍ കടല്‍ ഇങ്ങനെയെടുക്കുന്ന മണല്‍ മുഴുവന്‍ തിരിച്ച് കൊണ്ടിടുകയും ചെയ്യും. എന്നാല്‍ ഈ നിര്‍മ്മാണങ്ങളുടെ ഫലമായി എടുക്കുന്ന മണല്‍ തിരിച്ച് കൊണ്ടിടപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് കടല്‍ കരയിലേക്ക് കയറുന്നത്. കടല്‍ ഭിത്തികള്‍ പോലെയുള്ള ഇത്തരം നിര്‍മ്മിതിയുടെ ഒരു വശത്ത് തീരം കൂടുന്നതും മറു വശത്ത് തീരം നഷ്ടപ്പെടുന്നതും ഇങ്ങനെയാണ്. മുതലപ്പൊഴിയില്‍ ഇങ്ങനെ കെട്ടിയിരിക്കുന്ന പുലിമുട്ട് കാരണം അഞ്ചുതെങ്ങ് തീരം ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. 400 മീറ്ററോളം നീളത്തിലാണ് ഈ പുലിമുട്ട്. വിശാലമായ കടല്‍ത്തീരമുണ്ടായിരുന്ന ഇടമാണ് അഞ്ചുതെങ്ങ്. പക്ഷേ ഇപ്പോള്‍ അത് ഏതാണ്ട് മുഴുവന്‍ കടലെടുത്ത അവസ്ഥയാണ്.

സി.ആര്‍.ഇസെഡ്

തീരദേശ പരിപാലന നിയന്ത്രണ ചട്ടം അഥവാ സി.ആര്‍.ഇസെഡ് നിയമപ്രകാരം കായലുമായി 50 മീറ്റര്‍,
കടലുമായി 200 മീറ്റര്‍, പുഴയുമായി 100 മീറ്റര്‍ എന്നിങ്ങനെ കൃത്യമായ അകലത്തിലേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. പക്ഷേ കോര്‍പ്പറേറ്റുകളുടെ നിര്‍മ്മാണങ്ങള്‍ക്കായി പല തീരങ്ങളും സി.ആര്‍.ഇസെഡ് (കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) മാപ്പില്‍ നിന്ന് വെട്ടിയിട്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവര്‍ പറയുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ്, ആലപ്പുഴയിലെ തൃക്കുന്നപ്പുഴയുടെ ഒരു ഭാഗം തുടങ്ങിയ പ്രദേശങ്ങളൊന്നും സി.ആര്‍.ഇസെഡ് മാപ്പില്‍ ഇല്ല. അഥവാ ഭൂപടത്തില്‍ നിന്ന് ഈ പ്രദേശങ്ങളെല്ലാം മാഞ്ഞുപോയി.


വീട്ടില്‍ സമാധാനമായി ഉറങ്ങിയിട്ട് നാളേറെയായി, ഏതു സമയവും വീടും സ്ഥലവും കടലെടുക്കാം. കടല്‍ഭിത്തിയില്ല. എല്ലാവരോടും പറഞ്ഞു, ഒന്നും ചെയ്തില്ല. കിലോമീറ്ററുകളോളം തീരത്തിലൂടെ നടന്ന് കരയ്ക്ക് നിന്ന് തള്ളിയിറക്കുന്ന വള്ളത്തില്‍ കടലിലേക്ക് പോയിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് വീടിന്റെ മുന്നിലൂടെ കയറിയൊഴുകുന്ന തിരയ്ക്കിടയില്‍, റോഡിലേക്ക് അടിച്ചുവീഴുന്ന തിരമാലകള്‍ക്കിടയില്‍ എത്രനാള്‍ എന്ന ചോദ്യചിഹ്നവുമായാണ് ഞങ്ങള്‍ ജീവിക്കുന്നത്. തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു. കടല്‍ പഴയത് പോലെയേ അല്ല. ഒരുപാട് മാറിപ്പോയി.

സുബൈര്‍ കുട്ടി, പുത്തന്‍പുരയ്ക്കല്‍
(മത്സ്യത്തൊഴിലാളി, ആറാട്ടുപുഴ)


അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റവുമാണ് തീരങ്ങളെ ഈ നിലയില്‍ എത്തിച്ചത്. കോര്‍പ്പറേറ്റുകളും സര്‍ക്കാരും കടലിലും കടലോരത്തും നടത്തുന്ന തെറ്റായ നിര്‍മ്മാണ പ്രവൃത്തികളും ഒപ്പം മണല്‍ഖനനവുമാണ് കടലേറ്റത്തിനു മുഖ്യ കാരണം. കൃത്യമായി പഠനം നടത്തി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ച് തീരസംരക്ഷണത്തിന് സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണം.

സുധിലാല്‍ തൃക്കുന്നപ്പുഴ
(തീരസംരക്ഷണ സമിതി അംഗം,
തൃക്കുന്നപ്പുഴ പഞ്ചായത്ത് അംഗം)


വിദേശ രാജ്യങ്ങളിലെല്ലാം കടലിനടുത്ത് നിര്‍മ്മാണവും ഖനനവും എന്തിന് കടല്‍ നികത്തിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരെ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ മാത്രം ഇത്ര പ്രശ്‌നമുണ്ടാകുന്നത്. രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ജനജീവിതത്തിന് പുല്ലുവില കൊടുത്തുകൊണ്ട് പ്രകൃതി വിഭവങ്ങളെല്ലാം കൊള്ളയടിക്കുകയാണ്. ശാസ്ത്രീയമായ പരിഹാരങ്ങളുണ്ടാകാതെ തീരസംരക്ഷണം സാധ്യമാവില്ല.

ടി. പീറ്റര്‍
(നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ്
ഫോറം ദേശീയ ജനറല്‍ സെക്രട്ടറി)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago