ലോട്ടറി അടിച്ച ഒരു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: ലോട്ടറി അടിച്ച ഒരു ലക്ഷം രൂപ കൊല്ലം അഞ്ചലിലെ ഹംസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
ലോട്ടറി ഏജന്റും വില്പനക്കാരനുമായ ഇദ്ദേഹം നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.
കഴിഞ്ഞ പത്താം തിയതി നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച ടിക്കറ്റ് ഹംസ, ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പമെത്തി മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു. ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക ദുരിതാശ്വാസ നിധിയിലേക്കു കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കുടുംബശ്രീ അഞ്ചു കോടി നല്‍കും
തിരുവനന്തപുരം: കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടിയിലേറെ രൂപ നല്‍കും.
തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറുമെന്ന് കുടുംബശ്രീ അധികൃതര്‍ വ്യക്തമാക്കി.
ഓരോ കുടുംബശ്രീ, അയല്‍ക്കൂട്ട അംഗങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചിരുന്നു. ചൊവ്വാഴ്ചവരെ 5.27 കോടി രൂപയാണു കുടുംബശ്രീ സ്വരൂപിച്ചത്.
കോഴിക്കോട് ജില്ലയില്‍ നിന്ന് 1.15 കോടി രൂപ ലഭിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ 1.14 കോടി രൂപ സമാഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."