കടല്‍ക്ഷോഭം: തീരദേശത്ത് ദുരിതക്കാഴ്ചകള്‍
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തീരദേശത്ത് ദുരിതക്കാഴ്ച്ചകള്‍ വിതച്ച് കടല്‍ക്ഷോഭം. ഇന്നലെയും വലിയതുറയില്‍ 20 ഓളം വീടുകള്‍ തകര്‍ന്നു. വലിയതുറയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂന്തുറ, വേളി പ്രദേശങ്ങളില്‍ കടല്‍കരയില്‍ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. പൂന്തുറയില്‍ മാത്രം മുപ്പതോളം വള്ളങ്ങള്‍ക്കാണ് കേടുപാടുണ്ടായത്. കടല്‍ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കാത്തതാണ് ഇത്രയും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തി. പൂന്തുറ, വേളി, ശംഖുമുഖം, ബീമാപ്പള്ളി,അഞ്ചുതെങ്ങ്, മുതലപ്പൊഴി തുടങ്ങിയ മേഖലകളൊക്കി കടല്‍ക്ഷോഭ്ം നേരിടുകയാണ്. കടല്‍കയറി തീരം നഷ്ടപ്പെട്ട പ്രദേശത്ത് ചുഴികളും വന്‍തിരകളും ഉണ്ടാകുന്നതിനാല്‍ വള്ളങ്ങള്‍ തീരത്തടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എല്ലാ വര്‍ഷവും മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ വന്‍ തിരമാലകള്‍ തീരത്തടിക്കാറുണ്ട്. മത്സ്യതൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ കണ്ടെത്തുന്ന പോംവഴിയെന്നും തൊഴിലാളികള്‍ പറയുന്നു. വലിയതുറ മുതല്‍ കൊച്ചുതോപ്പു വരെയുള്ള പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇതുവരെയും സ്വീകരിക്കാത്തതാണ് ഇവിടങ്ങളില്‍ കടല്‍ഷോഭം കൂടുതല്‍ നാശം വിതയ്ക്കുന്നത്. വലിയതുറ മേഖലയില്‍ ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. വലിയതുറ ബഡ്‌സ് യു പി സ്‌കൂള്‍, വലിയതുറ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. ബഡ്‌സ് യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എട്ടു കുടുംബങ്ങളിലെ 34 പേരും വലിയതുറ യു. പി. എസില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 35 പേരും താമസിക്കുന്നുണ്ട്.ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."