ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; പി.എസ്.സിക്ക് ചിറ്റമ്മനയമെന്ന് ഉദ്യോഗാര്‍ഥികള്‍
കോഴിക്കോട്: ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷയെഴുതുന്ന ജീവനക്കാര്‍ക്ക് ആവശ്യത്തിലധികം സൗകര്യമേര്‍പ്പെടുത്തിയ പി.എസ്.സി സാധാരണ ഉദ്യോഗാര്‍ഥികളോടു അവഗണന തുടരുകയാണെന്ന് പരാതി. ഡിപ്പാര്‍ട്ട്‌മെന്റല്‍ എക്‌സാം വിങ്, സര്‍ട്ടിഫിക്കറ്റ് എന്‍ക്വയറി, റിചെക്കിങ് എന്‍ക്വയറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി അഞ്ച് ഫോണ്‍ നമ്പറുകളാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഓപ്ഷനില്‍ ആകെ നല്‍കിയത് ഒരു നമ്പര്‍ മാത്രമാണ്. ഈ നമ്പറില്‍ വിളിച്ചാല്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുക.
ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മറ്റുമായി ഇവ അപ്‌ലോഡ് ചെയ്യുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയതും തിരിച്ചടിയാകുന്നുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അപേക്ഷകള്‍ അയക്കല്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ തുടങ്ങിയ മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈന്‍ മുഖാന്തരമാക്കിയ പി.എസ്.സി വിവരാന്വേഷണത്തിനായി സൈറ്റില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
പി.എസ്.സി വെബ്‌സൈറ്റില്‍ നല്‍കിയ ഹെല്‍പ് ഡെസ്‌ക് നമ്പര്‍ ലഭ്യമല്ലാത്ത വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പ്് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സ്ഥാനക്കയറ്റത്തിനും മറ്റുമായുള്ള ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് പി.എസ്.സി പ്രത്യേക ഓപ്ഷന്‍ തന്നെ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."