കൃത്യമായ നീക്കം; എം.പിമാരുടെ മൂല്യം രണ്ടിലയെ തുണച്ചു
കോട്ടയം: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ അവകാശവും ജോസ് കെ. മാണി പക്ഷം ഉറപ്പിച്ചെടുത്തത് കൃത്യമായ നീക്കത്തിലൂടെ. കേരള കോണ്‍ഗ്രസ് (എം) ലെ അധികാരത്തര്‍ക്കത്തില്‍ തിങ്കളാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി വന്നത്.
പി.ജെ ജോസഫ് വിഭാഗത്തിന്റെ അവകാശവാദങ്ങള്‍ തള്ളിയാണ് രണ്ടില ചിഹ്നത്തില്‍ ജോസ് പക്ഷത്തിന് അനുകൂലമായി വിധിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ള രേഖകളും അതുവരെയുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച രേഖകളും പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി. കേരള കോണ്‍ഗ്രസി (എം) ലെ പിളര്‍പ്പ് ചൂണ്ടിക്കാട്ടി ജോസ് കെ. മാണിയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടാകുന്നതിനു മുന്‍പുള്ള സ്ഥിതിയാണ് കമ്മിഷന്‍ പരിശോധിച്ചത്. രണ്ട് എം.പി, എം.എല്‍.എമാര്‍ എന്നിവരുടെ പിന്തുണ ജോസ് പക്ഷത്തിന് വിധി അനുകൂലമാക്കി. കേരള കോണ്‍ഗ്രസിലെ എം.പി, എം.എല്‍.എമാര്‍ എന്നിവരുടെ ആകെ മൂല്യം 19 ആയിരുന്നു. ഇതില്‍ ഏഴുവീതം മൂല്യമുള്ള എം.പിമാരുടെയും ഒന്ന് മൂല്യമുള്ള രണ്ട് എം.എല്‍.എമാരുടെയും പിന്തുണ ജോസ് പക്ഷത്തിന് അനുകൂലമായി. ഇതിനുപുറമെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിന്റെ എണ്ണവും അന്ന് മത്സരിച്ച 15 പേരില്‍ ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്കൊപ്പമാണെന്നും കമ്മിഷന് മുന്നില്‍ സ്ഥാപിക്കാനായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള അംഗങ്ങളുടെ ഭൂരിപക്ഷം, പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള സംസ്ഥാന കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റികളിലെ ഭൂരിപക്ഷം എന്നിവയും ജോസ് കെ. മാണിക്ക് കമ്മിഷന് മുന്നില്‍ തെളിയിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."