ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പോസ്റ്റ്; ഫേസ്ബുക്ക് ഇന്ത്യാ മേധാവി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി മുന്‍പാകെ വിശദീകരണം നല്‍കി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളിടുന്ന വര്‍ഗീയ പോസ്റ്റുകള്‍ക്കെതിരേ നടപടികളെടുക്കേണ്ടതില്ലെന്ന് ഫേസ്ബുക്കിന്റെ ഇന്ത്യന്‍ പബ്‌ളിക് പോളിസി ഡയറക്ടര്‍ അങ്കിദാസ് നിര്‍ദേശം നല്‍കിയ സംഭവത്തില്‍ ഫേസ്ബുക്ക് ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി മുന്‍പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. ശശി തരൂര്‍ അധ്യക്ഷനായ സ്റ്റാന്റിങ് കമ്മിറ്റി ഫേസ്ബുക്ക് മേധാവിയെ വിളിച്ചുവരുത്തുകയായിരുന്നു.
വിശദീകരണം തേടല്‍ നടപടി മൂന്നര മണിക്കൂര്‍ നീണ്ടു. 90 ചോദ്യങ്ങളാണ് കമ്മിറ്റി ഫേസ് ബുക്ക് മേധാവിയോട് ചോദിച്ചത്. വീണ്ടും കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകാനും ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെ വിഷയത്തില്‍ ഐ.ടി മന്ത്രാലയത്തിന്റെ പ്രതിനിധികളെയും കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണലാണ് പുറത്തുവിട്ടത്.
ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടിയുണ്ടായാല്‍ ബിസിനസ് ഇടിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടിയെന്നും വിദ്വേഷ പോസ്റ്റിട്ട തെലങ്കാന ബി.ജെ.പി എം.എല്‍.എ ടി. രാജ സിങിനെതിരായ നടപടി അങ്കി ദാസ് പക്ഷപാതപരമായി ഇടപെട്ട് തടഞ്ഞെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ഥികളായ മുസ്‌ലിംകളെ വെടിവച്ച് കൊല്ലണം, മുസ്‌ലിം പള്ളികള്‍ ഇടിച്ചുനിരത്തണം എന്നതടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി പോസ്റ്റുകളായിരുന്നു ടി. രാജ സിങ് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."