സ്‌കൂളുകളില്‍ ഇന്ന് വീണ്ടും ആരവം; കുറാഞ്ചേരി ദുരന്തത്തിന്റെ ഞെട്ടല്‍ മാറാതെ
വടക്കാഞ്ചേരി: ഓണാവധിയ്ക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്ന് പ്രവര്‍ത്തിയ്ക്കാനിരിക്കെ ആറ് കുട്ടികളുടെ വിയോഗം വിവിധ സ്‌കൂളുകളില്‍ തീരാവേദനയാകും.
അവധിയിലേക്ക് സ്‌കൂളുകള്‍ വഴിമാറുന്നതിന് മുമ്പാണ് നാടിനെ ഞെട്ടിച്ച് കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് അന്നെല്ലാം സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. കുറാഞ്ചേരി മുണ്ടന്‍ പ്ലാക്കല്‍ ജെന്‍സന്റെ മക്കളായ മോസസ് (10), ഫെനോക്ക് (7), യാഫത്ത് (3) , കൊല്ലം കുന്നേല്‍ മത്തായിയുടെ പേരക്കുട്ടികളായ മെറിന്‍ (10), മെല്‍ന (5), പാറേക്കാട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍ (10) എന്നിവരെയാണ് ദുരന്തം തട്ടിയെടുത്തത് .
പഠനത്തില്‍ മിടുക്കരായിരുന്നു എല്ലാവരും.
കഴിഞ്ഞ കാലമത്രയും തങ്ങളോടൊപ്പം കളി ചിരിയുമായി ഓടി നടന്നവര്‍ ഇന്ന് നൊമ്പര ഓര്‍മ്മയായത് സഹപാഠികള്‍ക്ക് ഇപ്പോഴും ഉള്‍കൊള്ളാനാകുന്നില്ല. മൃതദേഹ സംസ്‌കാര ചടങ്ങുകളിലെത്തി തങ്ങളുടെ പ്രിയ കൂട്ടുകാരുടെ ചേതനയറ്റ ശരീരങ്ങള്‍ ഒരു നോക്ക് കാണാന്‍ ഏതാനും കുട്ടികള്‍ മുണ്ടത്തിക്കോട് ഇന്റോര്‍ സ്‌റ്റേഡിയത്തിലെത്തിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും അതിനും കഴിഞ്ഞില്ല.
ശക്തമായ വെള്ളപൊക്കത്തെ തുടര്‍ന്ന് ഗതാഗത സംവിധാനം താറുമാറായത് വിനയായി. കുട്ടികള്‍ പഠിച്ചിരുന്ന എല്ലാ സ്‌കൂളുകളിലും ഇന്ന് പ്രത്യേക അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പം ദുരന്തത്തില്‍പെട്ട മോസസ് ആര്യംപാടം സര്‍വോദയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും കന്നുകുഴിയില്‍ മോഹനന്റെ മക്കളായ അഖില്‍, അമല്‍ എന്നിവര്‍ ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുമാണ്. മൂന്ന് പേരേയും സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് അനുസ്മരിയ്ക്കും. ജെന്‍സന്റെ മറ്റൊരു മകന്‍ ഫെനോക്ക് പഠിച്ചിരുന്നത് പൂമല ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലാണ്. പാറേക്കാട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍ തൃശൂര്‍ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു.
മത്തായിയുടെ പേരകുട്ടികളായ മെറിന്‍, മെല്‍ന എന്നിവര്‍ പീച്ചി സ്‌കൂളിലെ വിദ്യാര്‍ഥിനികളായിരുന്നു.
ഈ സ്‌കൂളുകളെല്ലാം ഇന്ന് ശോകമൂകമാകുമ്പോള്‍ അത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ വേദനയുള്ള ഒരു ഏടായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."