ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി നേന്ത്രക്കായ വില ഉയരുന്നു
മാനന്തവാടി: ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി നേന്ത്രക്കായ വില കിലോക്ക് 50 രൂപയിലെത്തി. കര്‍ണാടകയിലും തമിഴ്നാട്ടിലുമുണ്ടായ വരള്‍ച്ചയെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്നുള്ള നേന്ത്രക്കായ വരവ് കുറഞ്ഞതാണ് വിപണിയില്‍ ജില്ലയിലെ വാഴ കുലക്ക് ഉയര്‍ന്ന വില ലഭിക്കാനിടയാക്കിയത്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 30 രൂപ വരെയായിരുന്നു നേന്ത്രക്കായക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ സീസണില്‍ ലഭിച്ചുക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഈ വര്‍ഷം കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 30 രൂപയുണ്ടായിരുന്ന നേന്ത്രക്കുല വില 40 രൂപയായി ഒരു മാസത്തോളം നിലനിന്ന ശേഷമാണ് ഇപ്പോള്‍ 50ല്‍ എത്തി നില്‍ക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ കാലവര്‍ഷത്തില്‍ കാര്യമായ കൃഷി നാശം ഇല്ലാത്തതും കര്‍ഷകര്‍ക്ക് ഗുണകരമായി.
നിലവില്‍ വിപണിയില്‍ ആവശ്യത്തിന് നേന്ത്രക്കായ ലഭ്യമല്ലാത്തതാണ് ഡിമാന്റ് വര്‍ധിക്കാന്‍ കാരണം. തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിയില്‍ നിന്നെത്തുന്ന നേന്ത്രക്കുലകള്ക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ കുലകള്ക്കുമായിരുന്നു ജില്ലയിലെ വിപണിയില്‍ ഡിമാന്റ് കുടുതല്‍. ഇതര സംസ്ഥാനങ്ങളിലും ജില്ലയിലും കൃഷി കുറഞ്ഞതാണ് വയനാടന്‍ വിപണി ഉയരാനിടയാക്കിയത്.
ഓണം അടുക്കുന്നതാടെ 70 രൂപ വരെ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാരികളും. കഴിഞ്ഞ വര്‍ഷത്തെ വിലക്കുറവും രോഗബാധകാരണവും ജില്ലയിലെ കര്‍ഷകരില്‍ ഏറിയപങ്കും നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചതും ഇക്കഴിഞ്ഞ വേനല്‍ മഴയില്‍ നേന്ത്രവാഴകൃഷി നശിച്ചതും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഉല്പാദനം കുറഞ്ഞതും വില ഉയരാന്‍ കാരണമായി. മുമ്പെങ്ങുമില്ലാത്ത വിധം വില കുതിച്ച് ഉയരുന്ന തോടെ നേന്ത്രക്കായ വിപണിയും ഉണര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."