ഇ.ടി 35,000വും കുഞ്ഞാലിക്കുട്ടി 1.6 ലക്ഷവും വോട്ടുകള്‍ക്കു വിജയിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്
മലപ്പുറം: ജില്ലയില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 35,000വും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 1.6 ലക്ഷവും വോട്ടുകള്‍ക്കു വിജയിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്. വോട്ടെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്, സി.പി.എം പ്രതീക്ഷ പ്രകടിപ്പിച്ച പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം നേടുമെന്ന് പറയുന്നത്.
പൊന്നാനിയില്‍ പി.വി അന്‍വര്‍ 35,000 വോട്ടുകള്‍ക്കു പരാജയപ്പെടും. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട തൃത്താല, തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കും. നിലവില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ട പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ 11,000 വോട്ടും മന്ത്രി കെ.ടി ജലീലിന്റെ തവനൂരില്‍ 5,000 വോട്ടുമാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്സിന്റെ യുവമുഖം വി.ടി ബല്‍റാമിന്റെ തൃത്താലയില്‍ 4,000 വോട്ട് അധികമായി ലഭിക്കുമെന്നും ജില്ലാകമ്മിറ്റി കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിരൂരങ്ങാടിയില്‍ 22,000ഉം കോട്ടക്കലില്‍ 15000ഉം തിരൂരില്‍ 12000ഉം താനൂരില്‍ 6000ഉം വോട്ടിന്റെ ലീഡ് ഇ.ടിക്കു ലഭിക്കും. ലീഗ് സ്ഥാനാര്‍ത്ഥികള്‍ മല്സരരംഗത്തുള്ളതില് കടുത്ത പോരാട്ടം നടന്ന മണ്ഡലമാണ് പൊന്നാനി.
മലപ്പുറത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് 1,68 ലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."