പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ ഒന്‍പതുകാരന്റെ മൃതദേഹം കണ്ടെത്തി
പെരിന്തല്‍മണ്ണ: പിതൃസഹോദരന്‍ പുഴയിലേക്ക് തള്ളിയ ഒന്‍പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരിക്കടുത്ത് ആനക്കയം പാലത്തില്‍ നിന്നും പുഴയിലേക്കെറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹമാണ് മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കുറ്റി പാറക്കടവിലെ പുഴയോരത്തെ മുളങ്കൂട്ടത്തില്‍ നിന്നും കണ്ടെത്തിയത്.
മൃതദേഹം തിരയാന്‍ മലപ്പുറം പൊലിസ് പ്രദേശവാസികളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി നെച്ചിക്കുറ്റിയിലെ യുവാക്കളാണ് ഇന്നലെ ആറു മണിയോടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ പുഴയിലും കടലിലും കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ 13നാണ് എടയാറ്റൂര്‍ മലങ്കരതൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീ നെ പിതൃസഹോദരന്‍ ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദ് (44) ആനക്കയം പാലത്തില്‍ നിന്നു പുഴയിലേക്കെറിഞ്ഞത്. തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാനുള്ള പദ്ധതി പരാജയപ്പെട്ടതാണ് കൊലപാതകത്തിന് കാരണം.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്. റിമാന്‍ഡിലായിരുന്ന പ്രതി മുഹമ്മദിനെ പൊലിസ് തെളിവെടുപ്പിനായി കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അതേസമയം മൃതദേഹം ഷഹീന്റേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."