പ്രളയത്തില്‍പെട്ട വ്യാപാരിയോട് കോഴ ചോദിച്ച ഇന്‍ഷുറന്‍സ് സര്‍വെയര്‍ പിടിയില്‍
കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട വ്യാപാരിയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നാലര ലക്ഷം രൂപ കോഴ ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് സര്‍വെയര്‍ പൊലിസ് പിടിയില്‍. ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശി ജി. ഉമാമഹേശ്വര റാവു (53) ആണു അറസ്റ്റിലായത്.
കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവിലെ വീല്‍ അലൈന്‍മെന്റിന്റെ കട നടത്തുന്ന മാള പുത്തന്‍ച്ചിറ അരീപ്പുറത്ത് ഹൗസില്‍ ഷിഹാബിനോടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
15 ലക്ഷത്തിന്റെ നഷ്ടപരിഹാരത്തിന് നാലരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എറണാകുളം നഗരത്തിലെ ഹോട്ടലിലെത്തി പണം വാങ്ങുന്നതിനിടെ ഷാഡോ പൊലിസ് കൈയോടെ പിടികൂടി സെന്‍ട്രല്‍ പൊലിസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പ്രളയത്തില്‍ ഷിഹാബിന്റെ കടയുടെ ഷട്ടര്‍ തകര്‍ന്നു യന്ത്രങ്ങള്‍ വെള്ളം കയറി കേടാവുകയും നിരവധി ടയറുകള്‍ ഒഴുകി പോവുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂരിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 60 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയെടുത്തിട്ടുള്ള കടയുടമ നഷ്ടപരിഹാരത്തിന് ബാങ്കിനെ സമീപിക്കുകയും ചെയ്തു.
ബാങ്ക് ആവശ്യപ്പെട്ടതു പ്രകാരമാണു നഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ യൂനിവേഴ്‌സല്‍ സോംപോ ജി. ഉമാമഹേശ്വര റാവുവിനെ ഏര്‍പ്പെടുത്തിയത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമെ നഷ്ടപരിഹാരമായി ലഭിക്കൂ എന്നും അതിന് നാലര ലക്ഷം രൂപ മുന്‍കൂര്‍ നല്‍കണമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. ദുരന്തത്തില്‍പെട്ട മറ്റ് ചില ബിസിനസുകാരോടും ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിവരം.
കൈക്കൂലി നല്‍കിയില്ലെങ്കില്‍ ഫയല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയക്കില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍.
ഇത്തരത്തില്‍ നിരവധി സര്‍വെയര്‍മാര്‍ തട്ടിപ്പുനടത്തുന്നുണ്ടെന്ന് ഇയാള്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തരം തട്ടിപ്പില്‍ പങ്കില്ലെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട്. അറസ്റ്റിലായ ഉമാമഹേശ്വര റാവുവിനെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."