സ്വര്‍ണപ്പറവകള്‍
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 11 ാം ദിവസം ഇന്ത്യ നാലു മെഡലുകള്‍ കൂടി സ്വന്തമാക്കി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഇന്ത്യക്കിപ്പോള്‍ 54 മെഡലുകളായി. രണ്ട് സ്വര്‍ണ നേട്ടത്തോടെ ഹോക്കി മാന്ത്രികന്‍ ദ്യാന്‍ചന്ദിന്റെ ജന്മദിനമായ രാജ്യന്തര കായിക ദിനം ഇന്നലെ ഇന്ത്യ അവിസ്മരണീയമാക്കി.
രണ്ട് സ്വര്‍ണവും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചതായിരുന്നു. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്ങാണ് സ്വര്‍ണം നേടിയത്. 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ ചരിത്ര സ്വര്‍ണം നേടിയത്. 48 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഈ ഇനത്തില്‍ ഒരു മെഡല്‍ സ്വന്തമാക്കുന്നത്. ഉസ്ബക്കിസ്താന്‍ താരം കുര്‍ബാനോവ് 16.62 മീറ്റര്‍ ചാടി വെള്ളി സ്വന്തമാക്കി.16.56 മീറ്റര്‍ ചാടിയ ചൈനീസ് താരം ഷുവോ കോവോക്കാണ് വെങ്കലം. ഇതേ ഇനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരവും മലയാളിയുമായ രാകേഷ് ബാബുവിന് ആറാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. ഹെപ്റ്റാത്തലണിലായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ച രണ്ടാമത്തെ സ്വര്‍ണം. ഇന്ത്യന്‍ താരം സ്വപ്ന ബര്‍മ്മനാണ് സ്വര്‍ണം സ്വന്തമാക്കിയത്. അവസാന മത്സരയിനമായ 800 മീറ്റര്‍ ഓട്ടത്തില്‍ ചൈനീസ് താരത്തെ മറകടന്നതോടെയാണ് സ്വപ്ന സ്വര്‍ണത്തിലേക്കെത്തിയത്. രണ്ടാം ഹീറ്റ്‌സില്‍ സ്വപ്ന 808 പോയിന്റ് സ്വന്തമാക്കിയതോടെയാണ് മുന്നിലുണ്ടായിരുന്ന ചൈനീസ് താരത്തെ പിന്തള്ളിയത്. ഇതേ ഇനത്തില്‍ ഇന്ത്യക്കായി മത്സരിച്ച പൂര്‍ണിമ ഹെബ്രാമിന് മെഡലൊന്നും നേടാനായില്ല. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദ് വീണ്ടും ട്രാക്കില്‍ നിന്ന് വെള്ളി സ്വന്തമാക്കി. 100 മീറ്ററിന്റെ തനിയാവര്‍ത്തനമായിരുന്നു 200 മീറ്ററിലും കണ്ടത്. ബഹറൈന്റെ എഡിഡിയോങ്ങ് തന്നെയായിരുന്നു 200 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയത്. ചൈനീസ് താരം വെങ്കലവും സ്വന്തമാക്കി. മിക്‌സഡ് ടേബിള്‍ ടെന്നീസില്‍ അര്‍ച്ചന ശരത്, മാനിക ബത്ര എന്നിവരുടെ ടീമാണ് വെങ്കലം സ്വന്തമാക്കിയത്. ഇതേ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി.
20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഫൈനലില്‍ പ്രവേശിച്ചു. ഇത് ഹോക്കി മാന്ത്രികനായിരുന്ന ദ്യാന്‍ചന്ദിന്റെ ജന്‍മദിനത്തില്‍ തന്നെയായത് ഇന്ത്യന്‍ ഹോക്കി ടീമിന് ഇരട്ടി മധുരമായി. ഫൈനലില്‍ പ്രവേശിച്ചതോടെ ഇന്ത്യക്ക് വിലപ്പെട്ട ഒരു മെഡല്‍ കൂടി ഉറപ്പായി.
നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങളെ അയോഗ്യരാക്കി
പുരുഷന്‍മാരുടെ 20 കി.മീ നടത്തത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെയും അയോഗ്യരാക്കി പ്രഖ്യാപിച്ചു. മലയാളി താരമായ മുഹമ്മദ് ഇര്‍ഫാനും മനീഷ് സിങ് റാവത്തുമായിരുന്നു നടത്തത്തില്‍ ഇന്ത്യക്കായി മത്സരത്തിനിറങ്ങിയിരുന്നത്. നടത്തത്തില്‍ ഫൗള്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഇരുവരെയും അയോഗ്യരാക്കിയത്. വനിതകളുടെ 20 കി.മി നടത്തത്തില്‍ കുശ്ബിര്‍ കൗര്‍ നാലം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സൗമ്യ ബേബിയെന്ന മറ്റൊരു ഇന്ത്യന്‍ താരത്തെ അയോഗ്യയാക്കി. പുരുഷന്‍മാരുടെ 75 കി.ഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
പുരുഷന്‍മാരുടെ 75 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം വികാസ് കൃഷ്ണയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വനിതാ വിഭാഗത്തില്‍ ചൈനയുടെ താരത്തോട് ഇന്ത്യന്‍ താരം സര്‍ജുബാല ദേവി പരാജയപ്പെട്ട് ക്വാര്‍ട്ടറില്‍ പുറത്തായി. പുരുഷന്‍മാരുടെ 64 കി. ഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം ധീരജ് ക്വാര്‍ട്ടറില്‍ പുറത്തായി.
കയാക്കിങ്ങില്‍ ഫൈനലില്‍
പുരുഷന്‍മാരുടെ 500 മീറ്റര്‍ കയാക്കിങ്ങില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. 1000 മീറ്ററിലും ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചു. നഓച്ചാ സിങ്ങ്, അരമ്പാം ചിങ്ങ് ചിങ്ങ് സിങ് എന്നിവരടങ്ങുന്ന സംഘമാണ് 1000 മീറ്ററില്‍ കയാക്കിങ്ങില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്.
ഇന്നലെ നടന്ന വിവിധ വിഭാഗങ്ങളിലെ കുറാഷ്, ജുഡോ, സൈക്ലിങ്ങ്, സ്‌ക്വാഷ് എന്നീ ഇനങ്ങളിലെല്ലാം ഇന്ത്യന്‍ ടീം പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."