സര്‍ക്കാരിന്റേത് വാഗ്ദാനങ്ങള്‍ മാത്രം
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: ഓരോ കടലാക്രമണങ്ങള്‍ വരുമ്പോഴും കടല്‍ഭിത്തി നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കുമെന്നല്ലാതെ ഒന്നും യാഥാര്‍ഥ്യമാകുന്നില്ല. ജനങ്ങളെയും തീരത്തുള്ള ദുരിതബാധിതരെയും വഞ്ചിക്കുന്ന സമീപനമാണ് കടല്‍ഭിത്തി നിര്‍മാണത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കടലാക്രമണത്തില്‍ പൊന്നാനിയില്‍ മാത്രം തകര്‍ന്നത് 1,265 വീടുകളാണ്.
കടലെടുത്തത് 11 കിണറുകള്‍. അപകടത്തില്‍പെട്ടത് 58 മീന്‍പിടിത്ത യാനങ്ങള്‍. ഈ ഇനത്തില്‍ മാത്രം തിട്ടപ്പെടുത്തിയ നഷ്ടക്കണക്ക് 8.24 കോടി രൂപ. ഇതിനെല്ലാംകൂടി ചേര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുക വെറും 47 ലക്ഷം രൂപ. വീടുകളുടെയും കിണറുകളുടെയും നഷ്ടക്കണക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിന്റെ നഷ്ടമായാണ് 26.6 ലക്ഷവും വിതരണം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി വരുന്ന കടലാക്രമണങ്ങള്‍മൂലം ഒന്നു നിവര്‍ന്നു നില്‍ക്കാന്‍പോലും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കഴിയുന്നില്ല.സംരക്ഷിക്കാനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ഉണ്ടാകുന്നില്ല.
എല്ലാം കടലാസിലെ പദ്ധതികള്‍ മാത്രം. നേതാക്കളും ജനപ്രതിനിധികളും ഏറ്റവും കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കിപ്പോകുന്ന സ്ഥലങ്ങളിലൊന്ന് കടലോരമാണെന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഊ കണക്കുകള്‍തന്നെ തെളിവ്. കടലാക്രമണമുണ്ടാകുമ്പോള്‍, വള്ളങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍, എന്തിന് ഒരു ഇല അനങ്ങിയാല്‍പോലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വലിയൊരു നിര തീരദേശം സന്ദര്‍ശിക്കാനെത്തും. ദുരിതബാധിത മേഖലകളിലെത്തി ആശ്വാസവാക്കുകളും കുറേ പ്രതീക്ഷകളും നല്‍കിയാണ് മടങ്ങുക.
പ്രഖ്യാപിച്ച കടല്‍ഭിത്തി പോലും കെട്ടാനായിട്ടില്ല. ഇതിനിടയിലാണ് ഇന്നലെ വീണ്ടും വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചത്. എന്നിട്ടും ജനപ്രതിനിധികള്‍ പറയും പോലെ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കാന്‍ വിധിക്കപ്പെടുകയാണ് ദുരിതബാധിതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."