മഞ്ഞപ്പിത്തം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൃക്കളത്തൂര്‍, വാഴപ്പിള്ളി, മുടവൂര്‍, ഊരമന പ്രദേശങ്ങളിലാണ് ഹെപ്പാറ്റൈറ്റീസ് ബി ഇനത്തില്‍പെട്ട മഞ്ഞപ്പിത്തം കണ്ടെത്തിയത്. എല്‍ദോ എബ്രഹാം എം.എല്‍.എ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കുകയും പ്രദേശത്ത് പരിശോധനകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഹെപ്പാറ്റൈറ്റീസ് ബി വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തമാണ് പ്രദേശത്ത് പടര്‍ന്ന് പിടിക്കുന്നത്. ഹെപ്പാറ്റൈറ്റീസ് ബി രക്തത്തിലൂടെയാണ് പരക്കുന്നത്. കരളിനെയാണ് രോഗം ബാധിക്കുന്നത്. ആദ്യം പനിയും പിന്നീട് മേലുവേദനയും, തുടര്‍ന്ന് ശര്‍ദ്ധിയും ആരംഭിക്കും. ഇതോടെ രോഗി അവശതയായി തീരുകയും ചെയ്യും. രോഗം മനസിലാക്കി തുടക്കത്തിലേ ചികിത്സിച്ചില്ലങ്കില്‍ മരണം വരെ സംഭവിക്കും. രോഗം പരക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
തുടര്‍ച്ചയായി ഊരമനയില്‍ ഹെപ്പാറ്റൈറ്റീസ് ബി വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുകയാണ്. രോഗത്തിന്റെ ഉറവിടം കണ്ടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘവും, വെല്ലൂര്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ സംഘവും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും രോഗത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജനുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള വിദഗ്ദ്ധ സംഘവും മഞ്ഞപിത്തം സ്ഥിതീകരിച്ച പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. രോഗം പരക്കുന്നത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതിരോധ വാക്‌സിനേഷനും, ബോധവല്‍ക്കരണവുമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പി.എച്ച്.സികളില്‍ പ്രതിരോധ വാക്‌സിനേഷന്‍ ഇല്ലാത്തും തിരിച്ചടിയാകുന്നുണ്ട്. ജനറല്‍ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലുമാണ് നിലവില്‍ ഹെപ്പാറ്റൈറ്റീസ് ബിയുടെ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിനേഷന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിന് 300രൂപയോളം ചിലവ് വരും. അതുകൊണ്ട് തന്നെ പലരും വാക്‌സിനേഷന്‍ എടുക്കാനും, തയ്യാറാകുന്നില്ല. മൂന്ന് ഡോസ് മരുന്നാണ് പ്രതിരോധ വാക്‌സിനേഷനായി നല്‍കുന്നത്. ഒരു ഡോസ് ഇംജക്ഷന്‍ എടുത്ത ശേഷം അടുത്ത ഡോസ് മരുന്ന് ഒരുമാസം കഴിഞ്ഞും, മൂന്നാമത്ത് ഡോസ് മരുന്ന ആറ് മാസം കഴിഞ്ഞുമാണ് നല്‍കുന്നത്. ഹെപ്പാറ്റൈറ്റീസ് ബി രോഗം കണ്ടെത്തി കഴിഞ്ഞാല്‍ ഉടന്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ചികിത്സ വൈകുകയോ, സ്വയം ചികിത്സയ്‌ക്കോ മുതിരരുതെന്നും ഇത് വന്‍അപകടത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഹെപ്പാറ്റൈറ്റീസ് ബി രോഗം പിടിപ്പെട്ടയാള്‍ക്ക് രോഗത്തിന്റെ അണുക്കള്‍ രക്തത്തില്‍ നിന്നും മാറണമെങ്കില്‍ മാസങ്ങളെടുക്കും. രോഗം മാറിയ ശേഷവും രക്തം പരിശോധിച്ച് രോഗം പൂര്‍ണ്ണമായും മാറിയതായി ഉറപ്പാക്കെണ്ടതാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വീണ്ടും ഹെപ്പാറ്റൈറ്റീസ് ബി രോഗം സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തിരമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലങ്കില്‍ രോഗം പടര്‍ന്ന് പിടിക്കുന്നതിനും ഇത് വന്‍വിപത്തിന് കാരണമാകുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."