'ഞങ്ങള്‍ക്കും വോട്ടവകാശം വിനിയോഗിക്കണം രാജ്യത്തെ മറ്റേത് പൗരന്‍മാരേയും പോലെ'- ഭിന്നശേഷിക്കാരുടെ വോട്ടനുഭവങ്ങള്‍ പങ്കുവെച്ച് യുവാവ്
മലപ്പുറം; ഭിന്നശേഷിക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ പതിവിനു വിപരീതമായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്ന അവകാശവാദങ്ങളെ പൊളിക്കുന്ന തുറന്നെഴുത്തുമായി എ.കെ.ഡബ്ല്യു.ആര്‍.എഫ്്(
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍) മലപ്പുറം ജില്ലാ സെക്രട്ടറി. ഫേസ്്ബുക്ക് വഴിയാണ് ബദറുസ്സമാന്‍ എടത്തൊടി തന്റെ പ്രതിഷേധം പങ്കുവെച്ചത്.
'ചലന ശേഷി ഇല്ലാതെ വീല്‍ചെയറില്‍ കഴിയുന്ന ആളുകള്‍ക്ക് മിക്ക ഇടങ്ങളിലും സൗകര്യം ഒരുക്കിയില്ല എന്ന് തന്നെ ഞങ്ങള്‍ പറയും .കാരണം പല ഇടങ്ങളിലും ബൂത്തുകളില്‍ വീല്‍ചെയര്‍ ഇല്ലായിരുന്നു.മറ്റുചില ഇടങ്ങളില്‍ റാമ്പില്ലാത്തതായിരുന്നു പ്രശ്‌നം. പിന്നെ വന്നത് വരാന്തയിലേക്ക് റാമ്പ് ഉണ്ട് അവിടെനിന്നു വോട്ട് ചെയ്യാന്‍ എത്തേണ്ട സ്ഥലത്തേക്ക് വീണ്ടും പടികള്‍ കയറണം .ചില ഇടങ്ങളില്‍ വീല്‍ചെയറില്‍ ഇരുന്നാല്‍ വോട്ട് ചെയ്യേണ്ട ചിഹ്നങ്ങള്‍ കാണാത്ത പോലെയാണ് വോട്ടിങ് മെഷിന്‍ വെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ സ്വന്തം വോട്ട് രഹസ്യമായി വിനിയോഗിക്കാന്‍ എത്തുന്നവരോട് നിങ്ങള്‍ പുറത്ത് ഇരുന്നാല്‍ മതി കൂടെ ഉള്ള ആള്‍ പോയി വോട്ട് ചെയ്യട്ടെ എന്ന കല്‍പ്പനകളും ഉണ്ടായി'- അദ്ദേഹം പങ്കുവെക്കുന്നു.
പോസ്റ്റിന് താഴെ നിരവധിയാളുകള്‍ തങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഭിന്നശേഷിക്കാര്‍ക്ക് വാരിക്കോരി സൗകര്യങ്ങള്‍ ഒരുക്കി നടന്ന ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ക്ക് പറയുവാന്‍ ഉള്ളത്
ഭിന്നശേഷിക്കാര്‍ക്ക് വാരിക്കോരി സൗകര്യങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പ് വന്നത്. അതുകൊണ്ടുതന്നെ ഇന്നേവരെ വോട്ട് ചെയ്യാത്ത എല്ലാവരും വോട്ടുചെയ്യാന്‍ രാവിലെ തന്നെ കുളിച്ചൊരുങ്ങി വീടിന്റെ ഉമ്മറത്ത് വാഹനവുമായി എത്താം എന്ന് പറഞ്ഞ അങ്കണവാടി ടീച്ചറെ കാത്തിരുന്നു. രാവിലെ 7 മണി മുതല്‍ തന്നെ ഒരുങ്ങി ഇരിക്കാന്‍ ആയിരുന്നു അറിയിപ്പ് കിട്ടിയത് . പക്ഷെ വാഹനം വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ ശരീരം തളര്‍ന്നവരെ വാഹനത്തില്‍ കയറ്റാന്‍ പോന്ന വൊളണ്ടിയര്‍ മിക്ക വാഹനത്തിലും ഉണ്ടായിരുന്നില്ല അതുകൊണ്ട് അവരുടെ ആ സ്വപ്നം പിന്നെയും ബാക്കിയായി.പക്ഷെ ശാരീരിക ചലനശേഷി പ്രശ്‌നങ്ങള്‍ ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് വളരെ സുഖമായി വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായി .
എന്നാല്‍ ചലന ശേഷി ഇല്ലാതെ വീല്‍ചെയറില്‍ കഴിയുന്ന ആളുകള്‍ക്ക് മിക്ക ഇടങ്ങളിലും സൗകര്യം ഒരുക്കിയില്ല എന്ന് തന്നെ ഞങ്ങള്‍ പറയും .കാരണം പല ഇടങ്ങളിലും ബൂത്തുകളില്‍ വീല്‍ചെയര്‍ ഇല്ലായിരുന്നു.മറ്റുചില ഇടങ്ങളില്‍ റാമ്പില്ലാത്തതായിരുന്നു പ്രശ്‌നം. പിന്നെ വന്നത് വരാന്തയിലേക്ക് റാമ്പ് ഉണ്ട് അവിടെനിന്നു വോട്ട് ചെയ്യാന്‍ എത്തേണ്ട സ്ഥലത്തേക്ക് വീണ്ടും പടികള്‍ കയറണം .ചില ഇടങ്ങളില്‍ വീല്‍ചെയറില്‍ ഇരുന്നാല്‍ വോട്ട് ചെയ്യേണ്ട ചിഹ്നങ്ങള്‍ കാണാത്ത പോലെയാണ് വോട്ടിങ് മെഷിന്‍ വെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ സ്വന്തം വോട്ട് രഹസ്യമായി വിനിയോഗിക്കാന്‍ എത്തുന്നവരോട് നിങ്ങള്‍ പുറത്ത് ഇരുന്നാല്‍ മതി കൂടെ ഉള്ള ആള്‍ പോയി വോട്ട് ചെയ്യട്ടെ എന്ന കല്‍പ്പനകളും ഉണ്ടായി.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഇതില്‍ ഒക്കെ ഇപ്പോള്‍ എന്താ കുഴപ്പം. എത്ര വലിയ സ്റ്റെപ്പ് ആണെങ്കിലും പൊക്കിവെക്കാന്‍ അവിടെ ആളുകള്‍ ഉണ്ടാവില്ലേ അതുമല്ലെങ്കില്‍ നിങ്ങളെ എടുത്ത് കൊണ്ടുപോയി വോട്ട് ചെയ്യിപ്പിക്കില്ലേ എന്നൊക്കെ.ഇവിടെയാണ് വീല്‍ചെയറില്‍ കഴിയുന്നവരുടെ മനസ്സ് നിങ്ങള്‍ കാണേണ്ടത് അവര്‍ക്കുമുണ്ട് അവകാശങ്ങള്‍. ആ അവകാശങ്ങള്‍ അവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ടത് പലപ്പോഴും ചുറ്റുമുള്ള സമൂഹമാണ് .ഒരു ചെറിയ സ്റ്റെപ്പ് അല്ലെ ഉള്ളൂ അത് നമുക്ക് പൊക്കി വെക്കാം എന്ന് നിങ്ങള്‍ ചിന്തിക്കുന്നിടത്ത് ആ അവകാശങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിഷേധിക്കുകയാണ് എന്ന് പലരും അറിയുന്നില്ല .
രഹസ്യമായി വോട്ട് ചെയ്യുക എന്നുള്ളത് ഏതൊരു പൗരനെ പോലെ വീല്‍ചെയറുകാരുടെയും അവകാശമാണ്. അത് പരസ്യമായി ചെയ്യാന്‍ അവരും ആഗ്രഹിക്കുന്നില്ല അത് പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മനസ്സിലാക്കണം. അതോടൊപ്പം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഭിന്നശേഷി ഉഉള്ളവര്‍ക്ക് പ്രഖ്യാപിച്ച എല്ലാ സൗകര്യങ്ങളും നടപ്പിലാക്കി ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച എല്ലാ ഉദ്യോഗസ്ഥരോടും പൊതു പ്രവര്‍ത്തകരോടും വൊളണ്ടിയര്‍മാരോടും അങ്കണവാടി ടീച്ചര്‍മാരോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു നിങ്ങളുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ മാതൃകയാക്കട്ടെ.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ നിരന്തരമായ ഇടപെടലുകള്‍കൊണ്ടും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശബ്ദം ഉയര്‍ത്തി മുന്നോട്ട് വരുന്നത് കൊണ്ടും തന്നെയാണ് ഭരണകൂടവും ഇലക്ഷന്‍ കമ്മീഷനും ഈ ഒരു തീരുമാനം എടുത്തത് .പക്ഷെ അപ്പോഴും ചില ഉദ്യോഗസ്ഥരും ചില ആളുകളും അതിനൊക്കെ വിലങ്ങുതീര്‍ത്ത് ഇത്തരക്കാരോട് കൊഞ്ഞനം കുത്തുന്ന അവസ്ഥയുണ്ടാവുന്നു.ഇവിടെയാണ് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ ഇടപെടല്‍ ആവശ്യമാവുന്നത്. കാരണം ഇവിടെ എല്ലാം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് പലപ്പോഴും വീല്‍ചെയറില്‍ കഴിയുന്നവര്‍ക്കാണ്. മറ്റുള്ള ഭിന്നശേഷിക്കാര്‍ക്ക് എവിടെയും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ട്. വീല്‍ചെയറുകാരെ സംബന്ധിച്ച് ഒരു ചെറിയ സ്റ്റെപ്പ് മുന്നില്‍ വന്നാല്‍ അതിനു മുന്നില്‍ അവന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നു .
പ്രത്യക്ഷത്തില്‍ ഇന്നോളം ഒരു ഭിന്നശേഷി സംഘടനയും ഈ വിഷയങ്ങള്‍ മനസ്സിലാക്കുകയും അതില്‍ ഇടപെടുകയും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ പുറത്ത് വരികയോ അതിനെ ചോദ്യം ചെയ്യുകയോ ചെയ്തില്ല. പക്ഷെ AKWRF ന്റെ വരവോടുകൂടി വീല്‍ചെയറുകാരുടെ ആവശ്യങ്ങളും അവകാശങ്ങളും സര്‍ക്കാരിനു മുന്നിലും സമൂഹത്തിനു മുന്നിലും തുറന്നുകാട്ടി അത് നേടിക്കൊടുക്കാന്‍ സംഘടന വഴി ഇതിലെ ഓരോ മെമ്പര്‍മാര്‍ക്കും കഴിയുന്നു. അതൊരു ആത്മവിശ്വാസം തന്നെയാണ് .ഭിന്നശേഷിക്കാര്‍ക്ക് സൗകര്യങ്ങള്‍ വാരിക്കോരി വിളിച്ചു പറഞ്ഞ ഈ ഇലക്ഷന്‍ കാലത്തും പറയപ്പെടുന്ന സൗകര്യം ഭിന്നശേഷിയുള്ളവര്‍ക്ക് കിട്ടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ആയിരുന്നു സംഘടന. അതിനുവേണ്ടി ജില്ലയിലെ ഇലക്ഷന്‍ ഓഫീസില്‍ നേരിട്ട് പോയി കാര്യങ്ങള്‍ വിശദീകരിക്കുകയും എല്ലാ ബൂത്തുകളിലും സൗകര്യം ഒരുക്കും എന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ പല കോണുകളില്‍ നിന്നായി മെമ്പര്‍മാരുടെ വിളി വന്നു. ചിലത് അപ്പോള്‍ തന്നെ ജില്ലാ കളക്ടറെയും വില്ലേജ് ഓഫീസര്‍മാരെയും വിളിച്ചു പരിഹരിച്ചു.മറ്റു ചിലര്‍ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ അവിടെ AKWRF ന്റെ കീഴില്‍ ശബ്ദമുയര്‍ത്തി അത് നേടിയെടുത്തു. എന്നിട്ടും മനസ്സിലാവാത്ത ചില പോളിംഗ് ബൂത്തുകള്‍ ഉണ്ടായി.
അതുകൊണ്ടുതന്നെ വരും നാളുകളില്‍ ഈ അവകാശ ലംഘനം നടക്കരുത് എന്ന ഒരു ഓര്‍മ്മപ്പെടുത്തലിന് വേണ്ടി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ ഓര്‍ഡര്‍ നടപ്പില്‍ ആകാത്ത ചില സ്ഥലങ്ങളിലെ ബൂത്ത് നമ്പര്‍ അടക്കം ക്രോഡീകരിച്ച് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ഇന്ന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ ഞങ്ങളോട് പരിതപ്പിക്കരുത് എന്നൊരു അപേക്ഷയും ഇതോടൊപ്പം ചേര്‍ക്കുന്നു. കാരണം ഏതെങ്കിലും ഒരു ഒഫീസര്‍ക്ക് എതിരെ നടപടികള്‍ വാങ്ങി കൊടുക്കുന്നതില്‍ ഏറെ ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."