സിംഹവും ചെന്നായയും കുറുക്കനും
കാട്ടിലെ രാജാവായ സിംഹവും ശിങ്കിടികളായ ചെന്നായയും കുറുക്കനും ഒരുമിച്ചാണ് വേട്ടക്ക് പോയിരുന്നത്. തന്നില്‍ താണവരായ ചെന്നായയോടും കുറുക്കനോടും ഒപ്പം വേട്ടയ്ക്കു പോകുന്നത് കുറച്ചിലായി തോന്നിയിരുന്നു സിംഹത്തിന്. എങ്കിലും വനരാജാവ് എന്ന നിലയില്‍ താന്‍ കാരണം അവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നു സിംഹം വിചാരിച്ചു. കുലത്തില്‍ താഴ്ന്നവര്‍ക്കും ദുര്‍ബര്‍ക്കും സേവനം ചെയ്യാന്‍ മഹത്തുക്കള്‍ തയ്യാറാവണമല്ലോ. ചെറിയ ഗ്രഹങ്ങള്‍ക്ക് സൂര്യന്‍ വെളിച്ചം നല്‍കാറുണ്ട്. അതുപോലെ.
അവരുടെ ഒരുമിച്ചുള്ള ആദ്യത്തെ വേട്ട വന്‍വിജയമായിരുന്നു. സിംഹത്തിന്റെ സംരക്ഷണത്തില്‍ അവര്‍ മൂന്നുപേരും ചേര്‍ന്ന് ഒരു കാള, മലയാട്, തടിച്ച ഒരു മുയല്‍ എന്നിവയെ വേട്ടയാടിപ്പിടിച്ചു. സിംഹത്തിന്റെ സഹായത്തോടുകൂടി ആ രണ്ടു ചെറു മൃഗങ്ങളും തങ്ങളുടെ ഉരുക്കളെ മലമുകളില്‍ നിന്ന് താഴെ പുല്‍മേട്ടില്‍ എത്തിച്ചു. നല്ല വിശപ്പുണ്ടായിരുന്നു മൂവര്‍ക്കും. സിംഹം എങ്ങനെയാണ് വേട്ട മുതല്‍ പങ്കുവയ്ക്കുക എന്നതിനെ സംബന്ധിച്ചുള്ള ഉല്‍കണ്ഠയിലായിരുന്നു ചെന്നായയും കുറുക്കനും. എന്നാല്‍ ആ പ്രശ്‌നം ഉന്നയിക്കാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല. തങ്ങള്‍ക്ക് നല്ല പങ്കുകിട്ടും എന്ന് തന്നെ അവര്‍ വിശ്വസിച്ചു. ചിലപ്പോള്‍ കൂടുതല്‍ കിട്ടിയെന്നിരിക്കും. ഉദാരന്‍ ആണല്ലോ സിംഹം.
ചെന്നായയും കുറുക്കനും എന്താണ് ചിന്തിക്കുന്നതെന്ന് സിംഹത്തിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒന്നും വിട്ടു പറയാന്‍ സിംഹം തയ്യാറായില്ല. ആരാണ് തീരുമാനമെടുക്കുന്നവന്‍ എന്ന് സന്ദര്‍ഭം വരുമ്പോള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കാം എന്ന് മാത്രം സിംഹം ചിന്തിച്ചു.
ചെറു മൃഗങ്ങള്‍ക്ക് ഞാന്‍ അവരുടെ സുഹൃത്താണ് എന്നതു മാത്രം പോരേ സന്തോഷിക്കാന്‍? സിംഹം തന്നോടു തന്നെ ചോദിച്ചു. ഞാന്‍ എന്ത് തീരുമാനം എടുക്കും എന്നതിനെപ്പറ്റി ചിന്തിക്കാന്‍ എങ്ങനെ അവര്‍ക്ക് ധൈര്യം വരുന്നു? ഞാന്‍ കൂടെയുണ്ട് എന്നത് തന്നെ പോരേ അവര്‍ക്ക് ആഹ്ലാദിക്കാന്‍?
ഇങ്ങനെ ആലോചിച്ചു കൊണ്ടിരുന്ന സിംഹം അറിയാതെ ചിരിച്ചുപോയി. തങ്ങള്‍ക്ക് വയറു നിറയ്ക്കാന്‍ സമയമായി എന്നതിന്റെ സൂചനയായി ചെന്നായയും കുറുക്കനും അതിനെ കണക്കാക്കി.
സിംഹം ചെന്നായയോട് പറഞ്ഞു: 'എനിക്കുവേണ്ടി നീ ഇത് ഓഹരി വയ്ക്കുക. കാണട്ടെ നിനക്ക് എത്രത്തോളം ബുദ്ധി ഉണ്ട് എന്ന്'. ചെന്നായ വളരെ സന്തോഷത്തോടെ നേരത്തെ മനസില്‍ കണക്കു കൂട്ടിവച്ചത് പ്രകാരം പറഞ്ഞു: 'രാജാവേ ഈ വലിയ കാള അങ്ങേയ്ക്ക്. കൂട്ടത്തില്‍ ഏറ്റവും വലുത് അങ്ങ് ആണല്ലോ'. ചെന്നായ തന്റെ തീരുമാനം ഉത്തമമാണെന്ന് വിശ്വാസത്തില്‍ തുടര്‍ന്നു, 'എനിക്ക് ഈ മലയാട് ഇരിക്കട്ടെ. ചെറിയ ജീവിയായ എനിക്ക് ഇത് മതിയാവും. കുറുക്കന് മുയലും. അവനാണല്ലോ ഏറ്റവും ചെറുത്'.
ചെന്നായ പറഞ്ഞു നിര്‍ത്തി.
'എന്റെ മുമ്പില്‍ വച്ച് നീ നിന്നെ കുറിച്ച് സംസാരിക്കുന്നുവോ? രാജാവിന്റെ സാന്നിധ്യത്തില്‍ നിന്നെ കുറിച്ച് ചിന്തിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു? ഇങ്ങോട്ട് വാ' സിംഹം ഗര്‍ജിച്ചു.
ചെന്നായ പേടിച്ചരണ്ട് ഒരടി മുന്നോട്ടു വച്ചു.
ഉടനെ സിംഹം കൈ ഉയര്‍ത്തി ചെന്നായയുടെ തല ഉടലില്‍ നിന്ന് വേര്‍പ്പെടുത്തി. എന്നിട്ട് ശരീരം വിറപ്പിച്ചു പറഞ്ഞു: 'എന്റെ രാജ്യത്ത് ഇവനെ പോലെ ഉള്ളവര്‍ക്ക് സ്ഥാനമില്ല.'
സിംഹം പിന്നീട് കുറുക്കനു നേരെ തിരിഞ്ഞു. 'ഇനി നീ വേണം ഇത് ഏറ്റവും നീതിപൂര്‍വകമായി വിഭജിക്കാന്‍. വേഗം വിഭജിക്ക്'.
കുറുക്കന്‍ വിനയപൂര്‍വ്വം തലകുനിച്ചു. 'മഹാരാജാവേ, ഈ തടിച്ച കാള അങ്ങയുടെ പ്രാതലിന്. ഈ മലയാട് അങ്ങയുടെ ഉച്ചയൂണിന്. മുയല്‍ രാത്രി ഭക്ഷണത്തിനും'.
ഇത്രയും പറഞ്ഞു കുറുക്കന്‍ പിറകോട്ട് മാറി നിന്നു.
'ഇങ്ങനെ ഓഹരി വയ്ക്കാന്‍ നീ എവിടെ നിന്നാണ് പഠിച്ചത്?' സിംഹം ചോദിച്ചു.
'ചെന്നായയുടെ അനുഭവമാണ് എന്നെ ഈ പാഠം പഠിപ്പിച്ചത് പ്രഭോ'. കുറുക്കന്‍ ബോധിപ്പിച്ചു.
'നിനക്ക് ബുദ്ധിയുണ്ട്' സിംഹം പറഞ്ഞു, 'എന്നോടുള്ള പ്രേമത്തില്‍ നീ സ്വയം ഇല്ലാതായിരിക്കുന്നു എന്ന് നീ തിരിച്ചറിഞ്ഞു. നീ ഏതൊന്നിനെ സ്‌നേഹിക്കുന്നുവോ അതാണ് നീ. പിന്നെ നിനക്ക് നീ ഇല്ല. എന്നെ മാത്രമേ നീ കാണുകയുള്ളൂ. അതു നീ ശരിയായി ഗ്രഹിച്ചു. നീ ബുദ്ധിമാന്‍ ആണ്. ഈ മൂന്നും നീ എടുത്തുകൊള്ളുക. ഇവ മുഴുവന്‍ നിനക്കുള്ളതാണ്. ഇവ എടുത്തു നീ സ്ഥലം വിട്ടു കൊള്ളുക. ഞാന്‍ നിന്നെ ഉപദ്രവിക്കുകയില്ല. മാത്രമല്ല ഞാനും നിനക്കുള്ളതാണ്. തന്റെ സുഹൃത്തിന്റെ അനുഭവത്തില്‍ നിന്നു പാഠം പഠിക്കുന്നവന്‍ ആണ് ബുദ്ധിമാന്‍.'
കുറുക്കന് തനിക്ക് കൈവന്ന ഭാഗ്യം അവിശ്വസനീയമായി തോന്നി. സിംഹം ഉരുക്കളെ ഓഹരി വയ്ക്കാന്‍ ആദ്യം ചെന്നായയോട് ആവശ്യപ്പെട്ടത് എത്ര നന്നായി! എന്നോടാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ ആകുമായിരുന്നു ഇവിടെ ഇപ്പോള്‍ ചത്തു മലച്ചു കിടക്കുക!! ദൈവത്തിനു നന്ദി!!!'കുറുക്കന്‍ മനസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."