മംഗല്‍പാടിയില്‍ കന്നഡ അധ്യാപകനു വേണ്ടി സമരം; ഓണാവധി കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപകനെ തടഞ്ഞു
കുമ്പള: മംഗല്‍പ്പാടി ഗവ. ഹൈസ്‌കൂളില്‍ കണക്ക് പഠിപ്പിക്കാന്‍ കന്നഡ ഭാഷാ അധ്യാപകനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കന്നഡ വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം ശക്തമാക്കുന്നു. ഓണാവധി കഴിഞ്ഞ് തിരിച്ചെത്തിയ കണക്ക് അധ്യാപകനെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. വിഷയത്തില്‍ ഒരുമാസമായി തീരുമാനമെടുക്കാനാവാത്ത അധികൃതരുടെ നടപടിക്കെതിരേയും പ്രതിഷേധം ഉയരുന്നു.
കന്നഡഅധ്യാപകനെ ഉടന്‍ നിയമിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ കഴിഞ്ഞ മാസം സ്‌കൂള്‍ അങ്കണത്തില്‍ ഉപവസിച്ചിരുന്നു.
കന്നഡ കൈകാര്യം ചെയ്യാനറിയാത്ത കണക്ക് അധ്യാപകന്‍ ചുമതലയേറ്റതോടെയാണ് കന്നഡ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഓണാവധി കഴിഞ്ഞ് അവധിയില്‍ പ്രവേശിക്കാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഇന്നലെ ക്ലാസില്‍ എത്തുകയായിരുന്നു.
വിദ്യാര്‍ഥികള്‍ അധ്യാപകനെ തടയാന്‍ ശ്രമിച്ചത് നേരിയ തര്‍ക്കത്തിനു ഇടയാക്കി.
വിഷയത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."