ബാവിക്കര സ്കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍: വകുപ്പ് അധികൃതര്‍ പരിശോധന നടത്തി
ബോവിക്കാനം: നൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ബാവിക്കര ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഒന്ന്, മൂന്ന്, നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കെട്ടിടത്തിന്റെ തറയിലും ചുമരുകളിലും വിള്ളല്‍ രൂപപ്പെട്ടിരിക്കുകയാണ്. തൂണുകള്‍ക്കും കേടുപാട് പറ്റിയ നിലയിലാണ്. അപകടം മനസിലാക്കി അധ്യാപകര്‍ മൂന്നു ക്ലാസുകളും മറ്റൊരു കെട്ടിടത്തിലേക്കു താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്.
സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ക്ലാസ് നടത്തരുതെന്ന ഉത്തരവ് നല്‍കിയിരിക്കയാണ്. ഇതോടെ ബദല്‍ സംവിധാനം കണ്ടെത്താതെ ക്ലാസുകള്‍ എങ്ങനെ നടത്തുമെന്നാലോചിക്കുകയാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും. നേരത്തെ ചെറിയ തോതില്‍ സ്കൂളിന്റെ ചുമരില്‍ വിള്ളലുണ്ടായിരുന്നു. അവധി കഴിഞ്ഞ് ഇന്നലെ വീണ്ടും സ്കൂള്‍ തുറന്നപ്പോഴാണ് കൂടുതല്‍ ഭാഗത്ത് ചുമരുകള്‍ പൊട്ടിയ നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാവാം കൂടുതല്‍ ഭാഗത്തുവിള്ളല് വീണത് എന്നാണ് സംശയിക്കുന്നത്. അപകടഭീഷണിയുയര്‍ത്തുന്ന കെട്ടിടത്തിനു സമീപത്തായി കുട്ടികള്‍ നടക്കുകയും നില്‍ക്കുകയും ചെയ്യുന്നത് അധ്യാപകരെ ഭീതിയിലാക്കുകയാണ്. കുട്ടികളെ ഇടവേള സമയത്തുപോലും പുറത്തു വിടാന്‍ ഭയപ്പെടുകയാണ് അധ്യാപകര്‍.
അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റി പുതിയതുനിര്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് സ്കൂള്‍ പി.ടി.എയും അധ്യാപകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."