ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കോ?
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അനിവാര്യമായത് സംഭവിച്ചു എന്നു വേണം കരുതാന്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (എന്‍.എസ്.ഒ) പുറത്തുവിട്ട ഡാറ്റ പ്രകാരം ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) 23.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ജി.ഡി.പി 2019 - 20 ഒന്നാം പാദത്തിലെ 35.35 ലക്ഷം കോടിയില്‍നിന്ന് 2020 - 21 ലെ ഒന്നാം പാദത്തില്‍ 26.90 ലക്ഷം കോടി രൂപയായി ചുരുങ്ങി. ഇത് 2019 - 20 ലെ ഒന്നാം പാദത്തിലെ 5.2 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 23.9 ശതമാനമായി കുറഞ്ഞു. 1996 മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി ഡാറ്റ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിനുശേഷം ഏറ്റവും വലിയ മോശം വളര്‍ച്ചയാണ് സംഭവിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായി നിശ്ചലമായതായി ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖല നിര്‍മാണമാണ്, അത് 50.3 ശതമാനമാണ് ഇടിഞ്ഞത്. ഹോട്ടല്‍ വ്യവസായം 47 ശതമാനവും ഉല്‍പ്പാദനം 39.3 ശതമാനവും ഖനനം 23.3 ശതമാനവും ഇടിഞ്ഞു. എന്നാല്‍ ശക്തമായ മഴക്കാലത്തിന്റെ ഗുണം നേടിയ കാര്‍ഷികമേഖലയ്ക്ക് മാത്രമാണ് 3.4 ശതമാനം ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി, മാന്ദ്യത്തെ അതിജീവിക്കാന്‍ കഴിഞ്ഞത്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ ലോകത്തിലെ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ ഇപ്പോള്‍ 1980 ന് ശേഷമുള്ള ആദ്യത്തെ മുഴുവന്‍ വര്‍ഷത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജി.ഡി.പിയിലെ ഈ തകര്‍ച്ച സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം പേരും 20 ശതമാനത്തില്‍ കൂടില്ലെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ യു.കെയുടെ സമ്പദ്‌വ്യവസ്ഥ 20.4 ശതമാനം ചുരുങ്ങിയപ്പോള്‍ ചൈനീസ് 3.2 ശതമാനം വളര്‍ച്ച നേടി. പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലുള്ള തകര്‍ച്ചയാണ് ഏറ്റവും വലിയ തകര്‍ച്ചയായി രേഖപ്പെടുത്തിയത്. ജി 20 രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. എന്തുകൊണ്ട് ഇന്ത്യയെ ഇത്രയധികം സാരമായി ബാധിച്ചു എന്നുള്ളത് സ്വാഭാവികമായും ഉയര്‍ന്നുവരുന്ന സംശയമാണ്. കൊവിഡ് വ്യാപനവും, തുടര്‍ന്നുള്ള കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കിയ ലോക്ക്ഡൗണുകള്‍, അവ പ്രവര്‍ത്തനരഹിതമാക്കിയ ബിസിനസ് പ്രവര്‍ത്തനങ്ങളിലെ സ്തംഭനം എന്നിവയാണ് മാന്ദ്യത്തിന് കാരണമായത്. എന്നാല്‍ ലോക്ക്ഡൗണ്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാത്തതിനാല്‍ ഇതിന്റെ പ്രയോജനം നേടാനുമായില്ല. തുടര്‍ന്നും അണുബാധകളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. ആവര്‍ത്തിച്ചുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുകയും ചെയ്തു.
മറ്റു വന്‍കിട സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ വലിയ അസംഘടിത മേഖലയുള്ള രാജ്യമാണ് ഇന്ത്യ. ഈ മേഖലയിലെ ആളുകള്‍ പ്രതിസന്ധിയെ നേരിടാന്‍ കഴിയാത്തവരും ദരിദ്രരുമാണ്. വേണ്ടപ്പെട്ട അധികാരികള്‍ ഇവരുടെ തൊഴിലിനെയും വരുമാനത്തെയും അവഗണിച്ചു. അതുപോലെ, ധാരാളം ആളുകള്‍ അധികാരികളെ വിശ്വസിക്കാതിരിക്കുകയും ഔദ്യോഗിക പ്രോട്ടോക്കോളുകളും പ്രഖ്യാപനങ്ങളും ലംഘിക്കുകയും ചെയ്തു. മാസ്‌കും സാമൂഹിക അകലവും ഒന്നും പാലിക്കാതെ ജനങ്ങള്‍ ഇറങ്ങി നടന്നു. ഇക്കാരണത്താല്‍, ഈ വര്‍ഷത്തെ അടുത്ത മുക്കാല്‍ ഭാഗങ്ങളില്‍ ഇനി എന്ത് സംഭവിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയെ ഈ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രീതികള്‍ അവലോകനം ചെയ്യുകയാണെങ്കില്‍ വളരെ നാടകീയമായ മാറ്റങ്ങളൊന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
കൊവിഡിനെ നേരിടാന്‍ മാര്‍ച്ച് അവസാനത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും കാരണം ഉപഭോക്തൃ ചെലവ്, സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നിവയെല്ലാം തകര്‍ന്നു. ജി.ഡി.പിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഉപഭോഗം കഴിഞ്ഞ പാദത്തില്‍ ഇന്ത്യ ജി.ഡി.പിയുടെ 56.4 ശതമാനവും സ്വകാര്യമേഖല സംരംഭങ്ങളുടെ നിക്ഷേപം 32 ശതമാനവും സര്‍ക്കാര്‍ ചെലവിന്റെ വിഹിതം 11 ശതമാനവുമാണ്. എന്നാല്‍ സ്വകാര്യ ഉപഭോഗത്തില്‍ 5,31,803 കോടി രൂപയുടെ (27%) ഇടിവാണ് ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയുടെ പിന്നിലെ സുപ്രധാന കാരണം. ഉപഭോക്താക്കള്‍ അവരുടെ ചെലവ് ശീലങ്ങളെല്ലാം വെട്ടിക്കുറയ്ക്കാനും ഉപേക്ഷിക്കാനും നിര്‍ബന്ധിതരായി. സ്വകാര്യമേഖലയിലെ നിക്ഷേപം 5,33,003 കോടി രൂപ ഇടിഞ്ഞു. മൊത്തം ജി.ഡി.പി ചുരുങ്ങലിന്റെ 88 ശതമാനവും ഈ രണ്ട് ഘടകങ്ങളാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ നടപടികള്‍ കാരണം സര്‍ക്കാര്‍ ചെലവ് കഴിഞ്ഞ പാദത്തേക്കാള്‍ 16 ശതമാനം ഉയര്‍ന്നു, എന്നിരുന്നാലും, മൊത്തം സ്വകാര്യ ഉപഭോഗ, നിക്ഷേപ ഇടിവിന്റെ ആറു ശതമാനം മാത്രമാണ് ഇതുകൊണ്ട് പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.
സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങളില്‍ കൊവിഡിനു വലിയൊരു പങ്കുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, പലരും ഇപ്പോള്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം കാണുന്നു. ഡിമാന്‍ഡ് തകര്‍ച്ചയില്‍ കൊവിഡ് ഒരു പങ്കുവഹിച്ചുവെങ്കിലും, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി സമ്പദ്‌വ്യവസ്ഥയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രത്യാഘാതങ്ങളും കൂട്ടി നാം വിലയിരുത്തേണ്ടതുണ്ട്. 2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുനിരോധനം, പിന്നീട് ചരക്ക് സേവനികുതി (ജി.എസ്.ടി) എന്നീ പദ്ധതികള്‍ മോശമായി രൂപകല്‍പ്പന ചെയ്തതും നടപ്പിലാക്കിയതും കാരണം തുടര്‍ച്ചയായി സാമ്പത്തികമായി ഇന്ത്യ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജി.ഡി.പിയിലുണ്ടായ 24 ശതമാനം തകര്‍ച്ച, കൊവിഡിന്റെ ആഘാതം മാത്രമല്ല, മഹാമാരി അതിനെ കൂടുതല്‍ വഷളാക്കി എന്നതാണ്. റിപ്പോര്‍ട്ട് ചെയ്ത ഇടിവിനേക്കാള്‍ യഥാര്‍ഥത്തില്‍ വളരെ കൂടിയ ഇടിവാണ് വളര്‍ച്ചാനിരക്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാരണം സംഘടിത മേഖലയേക്കാള്‍ ചെറുകിട മേഖലയെയും അനൗപചാരിക അസംഘടിത മേഖലയെയും കൂടുതല്‍ ബാധിച്ചിട്ടുണ്ടെന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ വ്യാപ്തി കൂടുതല്‍ ആഴത്തിലായിരിക്കും. നോട്ടുനിരോധനത്തിന്റെ കാലം മുതല്‍, അസംഘടിത മേഖലയുടെ തകര്‍ച്ച ത്രൈമാസ ജി.ഡി.പി ഡാറ്റയില്‍ പ്രതിഫലിക്കുന്നില്ല, വാസ്തവത്തില്‍, ത്രൈമാസ ഡാറ്റ സംഘടിത മേഖലയെ പോലും പൂര്‍ണമായി പിടിച്ചെടുക്കുന്നില്ല. വ്യാവസായിക ഉല്‍പാദന സൂചിക, റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ഏതാനും നൂറുകണക്കിന് കോര്‍പ്പറേറ്റ് മേഖല കമ്പനികള്‍, റെയില്‍വേ, ബാങ്കിങ് എന്നിവ പോലുള്ള വളരെ പരിമിതമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയെല്ലാം സംഘടിത മേഖലയെ മാത്രം പ്രതിനിധീകരിക്കുന്നു. അസംഘടിത മേഖലയിലെ ഡാറ്റ ഉപയോഗിക്കുന്ന ഏക ഘടകമാണ് കൃഷി. ഇപ്പോള്‍ പ്രഖ്യാപിച്ച തകര്‍ച്ചാ നിരക്ക് (23.9%) പ്രധാനമായും സംഘടിത മേഖലയുടെ ഇടിവ് മാത്രമാണ്. അതിനാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, തകര്‍ച്ചയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്. മറ്റു പ്രധാന സമ്പദ്‌വ്യവസ്ഥകളേക്കാള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശമാക്കുന്ന ദീര്‍ഘകാല ഘടകങ്ങളുള്ളതുകൊണ്ടും അതില്‍ നിന്ന് പുറത്തുകടക്കാന്‍ വളരെയധികം സമയമെടുക്കും.
സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വിവിധ കോണുകളില്‍ കടുത്ത സാമ്പത്തികവും ഘടനാപരവുമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, സാമ്പത്തിക തടസങ്ങള്‍ കുറയ്ക്കുന്നതിന് റിസര്‍വ്ബാങ്ക്, കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചു. എല്ലാം വായ്പയെയും വിതരണ ശൃംഖലയും (Supplyside) അടിസ്ഥാനമാക്കിയുള്ളതാണ്. വിപണിയില്‍ ഡിമാന്‍ഡ് ഇല്ലെങ്കില്‍, ഉപഭോഗം കുറവാണെങ്കില്‍ ആരാണ് ഉല്‍പാദിപ്പിക്കാന്‍ പോകുന്നത്? ആരാണ് വാങ്ങാന്‍ പോകുന്നത്? വാങ്ങുന്നവര്‍ ഇല്ലെങ്കില്‍, ഉല്‍പാദനം ഉണ്ടാകില്ല. ഉല്‍പാദനം ഇല്ലെങ്കില്‍ ജോലികള്‍ ഉണ്ടാകില്ല. മാത്രമല്ല, അനിശ്ചിതത്വവും ഭയവും നീണ്ടുനില്‍ക്കുന്നതിനാല്‍, ഡിമാന്‍ഡും നിശബ്ദമായി തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായ മാന്ദ്യത്തിലേക്ക് നയിക്കുകയും അതിന്റെ ഫലമായി ഇന്ത്യയുടെ തൊഴില്‍ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.
സി.എം.ഐ.ഇ (സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി) യുടെ കണക്കനുസരിച്ച്, സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവന്ന ജോലികള്‍ അനൗപചാരിക മേഖലയിലാണ്, പ്രധാനമായും എം.ജി.എന്‍.ആര്‍.ജി.എയും കാര്‍ഷിക മേഖലയും. ജനങ്ങളുടെ കൈയില്‍ പണം എത്തിക്കുക എന്നതാണ് ഏറ്റവും മികച്ചതും വേഗതയേറിയതുമായ വീണ്ടെടുക്കല്‍ മാര്‍ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കി പണ പിന്തുണയിലൂടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക. അവര്‍ വീണ്ടും പണം ചെലവഴിക്കുകയും ഉപഭോഗ ചക്രം തിരികെ ലഭിക്കുകയും ചെയ്യും. ഗ്രാമീണ, ചെറുകിട, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സഹായവും ജോലി അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും വേണം. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകള്‍ കുറയ്ക്കുക, ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പരോക്ഷമായി കൊണ്ടുവരിക, സേവനങ്ങള്‍ ഉള്‍പ്പെടെ മിക്ക ബാധിത മേഖലകള്‍ക്കും നേരിട്ടുള്ള സഹായം പോലെയുള്ള കൂടുതല്‍ ധനപരമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടതുണ്ട്. സാമ്പത്തിക യന്ത്രം പൂര്‍ണമായും പുനരാരംഭിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കില്‍, അറ്റകുറ്റപ്പണികളുടെയും പുനര്‍നിര്‍മ്മാണത്തിന്റെയും യഥാര്‍ഥ പ്രക്രിയയ്ക്ക് ആക്കം കൂട്ടാനാവില്ല.
(അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി
അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."