അമ്മയെയും ഭാര്യയെയും മാനിക്കാത്ത മോദി എങ്ങിനെ ഇന്ത്യയെ ആദരിക്കുമെന്ന് മമത
കൊല്‍ക്കത്ത: അമ്മയെയും ഭാര്യയെയും ആദരിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അത്തരമൊരാള്‍ക്ക് എങ്ങിനെ ഇന്ത്യയെ ആദരിക്കാന്‍ കഴിയുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി ചോദിച്ചു.
'സ്വന്തം അമ്മയെയും ഭാര്യയെയും ആദരിക്കാത്തയാളാണ് നിങ്ങള്‍. എന്നിട്ടാണ് രാജ്യത്തെ എങ്ങിനെ ആദരിക്കണമെന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നത്. ഇതുപോലൊരു പ്രധാനമന്ത്രിയെ എങ്ങിനെ രാജ്യം വിശ്വസിക്കും?'- മമത ചോദിച്ചു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു മമത.
ഒട്ടും നിലവാരമില്ലാത്തതാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളൊക്കെയും. അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനായി ബി.ജെ.പി നേതാക്കള്‍ മതത്തെ ഉപയോഗിക്കുകയാണ്. ഇത്തരത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ പിന്നെ തെരഞ്ഞെടുപ്പ് നടത്തിയിട്ടു കാര്യമില്ല. വര്‍ഗീയരാഷ്ട്രീയത്തിനെതിരേ നമുക്ക് ഒന്നിച്ചുനില്‍ക്കാമെന്നും മമത ആഹ്വാനംചെയ്തു.
കഴിഞ്ഞദിവസവും മമത ബി.ജെ.പിയെയും നരേന്ദ്രമോദിയെയും അതിനിശതമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ ദുരന്തമായ ബി.ജെ.പി 440 വോള്‍ട്ട് വൈദ്യുതി പോലെ അപകടമാണെന്നായിരുന്നു മമതയുടെ പ്രസ്താവന. രണ്ടാമതും അധികാരത്തിലെത്തിയാല്‍ നരേന്ദ്രമോദിയും ബി.ജെ.പിയും കൂടി രാജ്യത്തെ നശിപ്പിക്കുമെന്നും മമത മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."