തൃണമൂലിന്റെ എം.എല്‍.എമാര്‍ തനിക്കൊപ്പം: മോദി
കൊല്‍ക്കത്ത: തുടര്‍ച്ചയായ ദിവസവും പശ്ചിമബംഗാള്‍ ഭരിക്കുന്ന തൃണമൂലുമായി ഏറ്റുമുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് നരേന്ദ്ര മോദിയുടെ പുതിയ പ്രസ്താവന.
40 എം.എല്‍.എമാരും ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസമായ മെയ് 23നു ശേഷം ബി.ജെ.പിയില്‍ ചേരുമെന്നും മോദി അവകാശപ്പെട്ടു. ബംഗാളിലെ സെരാംപൂറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ വിളിപ്പേരായ 'ദീദി' എന്ന് അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ വാക്കുകള്‍.
ദീദി, മെയ് 23ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളില്‍നിന്ന് ഓടിപ്പോകും. ഇന്നുപോലും നിങ്ങളുടെ 40 എം.എല്‍.എമാര്‍ എന്നെ ബന്ധപ്പെട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുന്നതോടെ അവര്‍ ഞങ്ങള്‍ക്കൊപ്പം വരും- മോദി പറഞ്ഞു. മമതയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണ്. മമത വലിയ പരാജയം ഭയക്കുന്നു. പ്രധാനമന്ത്രിയാവുന്നതു സ്വപ്നത്തില്‍ പോലും ഇനി അവര്‍ക്ക് ചിന്തിക്കാനാകില്ല.
വിരലിലെണ്ണാവുന്ന സീറ്റുമായി അവര്‍ക്കിനി ഡല്‍ഹിയിലേക്ക് എത്താനാകില്ല. ഡല്‍ഹി വളരെ അകലെയാണ്. ഇക്കാര്യം മമതക്കറിയാം. ഡല്‍ഹിയെ മറയാക്കുന്ന മമതയുടെ യഥാര്‍ഥ ലക്ഷ്യം തന്റെ അനന്തരവനെ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമാക്കുകയാണ്. നേരത്തെ അവര്‍ എന്നെ മാത്രമാണ് ആക്ഷേപിച്ചിരുന്നത്.
ഇപ്പോള്‍ വോട്ടിങ് യന്ത്രത്തെയും അപമാനിച്ചുതുടങ്ങി. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷം വോട്ടിങ് യന്ത്രത്തെ കുറ്റംപറയുന്നതെന്നും മോദി പറഞ്ഞു.
ജനങ്ങളെ വഞ്ചിച്ചതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതക്ക് ഇനി കഴിയില്ല. തൃണമൂലിന്റെ ഗുണ്ടകള്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ തടയുകയാണ്. ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും അവര്‍ ആക്രമിക്കുകയാണ്. ബി.ജെ.പി പ്രവര്‍ത്തകരെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവര്‍ത്തകരെ പ്രചാരണത്തിന് അനുവദിക്കില്ലെന്ന് കേരളത്തെ കുറിച്ചും മോദി ആരോപണമുന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ചു തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോയിരുന്നു. അനുപം ഹസ്ര, സൗമിത്ര ഖാന്‍, അര്‍ജുന്‍ സിങ്, ഹൂമയൂണ്‍ കബീര്‍, നിഷിത് പ്രമാണിക് എന്നിവരായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. ഈ അഞ്ചുപേര്‍ക്കും ബി.ജെ.പി ടിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ സൗമിത്രാ ഖാനും അനുപം ഹസ്രയും സിറ്റിങ് എം.പിമാരുമാണ്.
അമ്മയെയും ഭാര്യയെയും ആദരിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അത്തരമൊരാള്‍ക്ക് എങ്ങിനെ ഇന്ത്യയെ ആദരിക്കാന്‍ കഴിയുമെന്നും ഞായറാഴ്ച മമത ചോദിച്ചിരുന്നു. രാജ്യത്തിന്റെ ദുരന്തമായ ബി.ജെ.പി 440 വോള്‍ട്ട് വൈദ്യുതി പോലെ അപകടമാണെന്നായിരുന്നു ശനിയാഴ്ചത്തെ മമതയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."