ആവേശത്തോടെ സംഘടനാ പ്രവര്‍ത്തകര്‍; സുപ്രഭാതം കാംപയിന്‍ വന്‍ വിജയത്തിലേക്ക്
കോഴിക്കോട്: വസ്തുനിഷ്ഠമായ വാര്‍ത്താവഴികളിലൂടെ സഞ്ചരിച്ച് പുതിയൊരു മാധ്യമസംസ്‌കാരത്തിന് തുടക്കമിട്ട സുപ്രഭാതത്തിന്റെ ഏഴാം വാര്‍ഷിക വരിക്കാരെ ചേര്‍ക്കല്‍ കാംപയിന് വന്‍ സ്വീകാര്യത. ഓഗസ്റ്റ് 25ന് ആരംഭിച്ച കാംപയിനിന്റെ ഭാഗമായി നാടെങ്ങും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. രണ്ടാഴ്ചയ്ക്കിടെ പതിനായിരങ്ങള്‍ വാര്‍ഷിക വരിക്കാരായി ചേര്‍ന്നുകഴിഞ്ഞതോടെ ഏഴാം കാംപയിന്‍ വന്‍ വിജയത്തിലേക്ക് കടന്നിരിക്കുകയാണ്. ഈമാസം 20 വരെ നീളുന്ന കാംപയിന്‍ കാലയളവില്‍ സര്‍ക്കുലേഷന്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനാണ് സുപ്രഭാതം ഒരുങ്ങുന്നത്.
സമസ്തയുടെ എല്ലാ പോഷക ഘടകങ്ങളും കാംപയിനെ ഏറ്റെടുത്തതോടെ മുന്‍വര്‍ഷങ്ങളേക്കാള്‍ ആവേശകരമായ പ്രവര്‍ത്തനമാണ് നാടെങ്ങും ദൃശ്യമാകുന്നത്. വരിക്കാരെ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും സജീവമാണ്. സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും രാഷ്ട്രീയ നേതാക്കളെയും വരിക്കാരായി ചേര്‍ത്തിക്കൊണ്ടാണ് കേരളത്തില്‍ വ്യാപകമായ കാംപയിന്‍ പരിപാടികള്‍ക്ക് തുടക്കമിട്ടത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും നേതാക്കളും കാംപയിനില്‍ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ്.
കാംപയിന്‍ വിജയത്തിനായി വിവിധ പദ്ധതികളാണ് ഇത്തവണ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനെ കൂടാതെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, എസ്.എം.എഫ്, ജംഇയ്യത്തുല്‍ മുദരിസീന്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍, എസ്.കെ.എസ്.ബി.വി തുടങ്ങിയ ഘടകങ്ങളും പ്രത്യേകമായി കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സമസ്തയുടെ പ്രവാസ സംഘടനകളും രംഗത്തുണ്ട്. പോഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ വൈവിധ്യമാര്‍ന്ന കാംപയിന്‍ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. വീടുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വായനശാലകള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പത്രമെത്തിക്കാനുള്ള നൂതന പദ്ധതികളാണ് ഇത്തവണത്തെ സവിശേഷത. സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് ഓരോ സംഘടനയും പ്രത്യേക കാംപയിന്‍ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. മദ്‌റസക്കൊരു സുപ്രഭാതം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുപ്രഭാതം എന്നിവ ഉദാഹരണമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായും അനീതികള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തും മുന്നേറുന്ന സുപ്രഭാതത്തിന്റെ വരിക്കാരാകാന്‍ ആളുകള്‍ സ്വയം തയാറായി മുന്നോട്ടുവരുന്നുണ്ട്. മാധ്യമ നൈതികതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുള്ള അക്ഷരപ്പോരാട്ടത്തിന് ജാതിമത ഭേദമന്യേ ജനങ്ങളുടെ നിറഞ്ഞ പിന്തുണയുണ്ടെന്നതാണ് കാംപയിന്റെ വിജയം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."