സഊദി ആരോഗ്യ മന്ത്രാലയത്തിൻറെ ബഹുമതി നേടിയ മലയാളി നഴ്‌സിനെ അനുമോദിച്ചു
റിയാദ്: കൊവിഡ് കാലത്തെ മികവുറ്റ സേവനത്തിലൂടെ സഊദി ആരോഗ്യ മന്ത്രാലയത്തിൻറെ ബഹുമതിക്ക് അർഹയായ മലയാളി നഴ്സ് ഷീബ എബ്രഹാമിനെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ കൊവിഡ് വാർഡിൽ മികച്ച സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പ്രത്യേക ബഹുമതി സമ്മാനിച്ചത്. ജിസാൻ അബു അരീഷ് ആശുപത്രിയിൽ 14 വർഷമായി സ്റ്റാഫ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണ് ഷീബ എബ്രഹാം. ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ.
കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി പരേതനായ വാഴക്കാട്ടു എബ്രഹാം, കൈപ്പുഴ ഫിലോമിന ദമ്പതികളുടെ മകളാണ് ഷീബ. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പിതാവ് എബ്രഹാം മരണപ്പെട്ടപ്പോഴും കൊവിഡ് മൂലം ആശുപത്രിയിലെ തിരക്ക് കാരണം പിതാവിന്റെ അന്ത്യ കർമങ്ങൾക്ക് നാട്ടിൽ പോവാൻ സാധിച്ചിരുന്നില്ല. മക്കളായ സിവർട്ട് ഷീൻസ്, സ്റ്റുവർട്ട് ഷീൻസ് എന്നിവർ ജിസാൻ അൽ മുസ്തക്ബൽ സ്‌കൂളിലെ വിദ്യാർഥികളാണ്.
സഊദിയിൽ സാമൂഹിക സാംസ്കാരിക മേഖലയിൽ രംഗത്തുള്ളവർക്കും പ്രവാസി മലയാളികൾക്കും വലിയ അഭിമാനമാണ് ഇതിലൂടെ ലഭിച്ചത് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി സനോഫർ വള്ളക്കടവ് പറഞ്ഞു. ജിസാൻ ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി സനോഫർ വള്ളക്കടവ് ഉപഹാരം നൽകി. അൻവർഷാ കൊല്ലം ബ്രാഞ്ചു ഭാരവാഹികളായ മുജീബ് വണ്ടൂർ മുസ്തഫ ഗൂഡല്ലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."