ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിയാല്‍ സഹകരിക്കാമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമീപിച്ചു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഒരുമിച്ച് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവിനോട് നിര്‍ദേശിച്ചു. എന്നാല്‍ യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മറുപടി നല്‍കാമെന്ന് പ്രതിപക്ഷ നേതാവ്പറഞ്ഞു. തുടര്‍ന്ന് നടന്ന യു.ഡി.എഫ് യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹകരിക്കാമെന്ന് യു.ഡി.എഫ് നിലപാടെടുത്തു.
സംസ്ഥാന നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചു വരുന്ന എം.എല്‍.എമാര്‍ക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പിനുളള പൊതു പെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടു മുന്‍പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ.
പരമാവധി അഞ്ചുമാസം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏകാഭിപ്രായം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയത്. കാലാവധിയാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ച പ്രധാന ഘടകം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തെരഞ്ഞെുപ്പ് കമ്മിഷനെ അറിയിച്ചിട്ടുമുണ്ട്.
സംസഥനാത്തെ രാഷ്ട്രീയ കക്ഷികളെല്ലാം ഏകാഭിപ്രായത്തില്‍ ഈ വിഷയം ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാവുകയുള്ളൂ. അതൊരപേക്ഷയായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ എത്തുകയും വേണം. ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചിയിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചേക്കും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേ സമയം, നാലു മാസത്തേയ്ക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു വേണ്ടെന്ന് ബി.ജെ.പി കമ്മിഷനെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."