നഗരസഭ യോഗത്തില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട സംഭവം: കൗണ്‍സില്‍ യോഗം വീണ്ടും അലങ്കോലമായി
വടക്കാഞ്ചേരി: കുറാഞ്ചേരി ദുരന്ത മടക്കം വടക്കാഞ്ചേരി മേഖലയില്‍ ഉണ്ടായ ദുരന്തങ്ങളും നാശനഷ്ടവും ചര്‍ച്ച ചെയ്യുന്നതിനും ദുരന്തനിവാരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായി കഴിഞ്ഞ 24ന് നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നു മാധ്യമ പ്രവര്‍ത്തകരെ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് ഇറക്കിവിടുകയും പത്രപ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്ത സംഭവത്തില്‍ നഗരസഭ യോഗത്തില്‍ ഇന്നലെയും ബഹളത്തെ തുടര്‍ന്ന് യോഗം അലങ്കോലമായി. ചെയര്‍പേഴ്‌സണ്‍ മാധ്യമ പ്രവര്‍ത്തകരോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ അവതരിപ്പിച്ച പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ചെയര്‍ പേഴ്‌സണ്‍ മാധ്യമ പ്രവര്‍ത്തകരെ കൗണ്‍സില്‍ ഹാളില്‍ പ്രവേശിപ്പിയ്ക്കില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു.
ഇത് കൗണ്‍സിലര്‍മാരുടെ വന്‍ പ്രതിഷേധത്തിനു വഴിവെച്ചു. ചെയര്‍പേഴ്‌സന്റെത് അങ്ങേയറ്റം ധിക്കാരപരമായ നിലപാടാണെന്ന് ആരോപിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ച് കൗണ്‍സില്‍ ഹാളിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി . ദുരിതാശ്വാസ ക്യാമ്പുകളില്‍ ലഭിച്ച ടണ്‍ കണക്കിന് അരിയും ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമൊക്കെ എങ്ങോട്ട് കടത്തിയെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ഇതിന് മറുപടി നല്‍കാന്‍ ചെയര്‍പേഴ്‌സണ്‍ തയാറായില്ല. ഇറങ്ങി പോക്കിനു കെ. അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്‍, എസ്.എ.എ ആസാദ്, ടി.വി സണ്ണി, ബുഷറ റഷീദ്, പ്രിന്‍സ് ചിറയത്ത്, എം.എച്ച് ഷാനവാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."