അഴിമതി ആരോപണം: തുനീസ്യന്‍ ഊര്‍ജമന്ത്രിയെയും ഉദ്യോഗസ്ഥരെയും പുറത്താക്കി
തൂനിസ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് തുനീസ്യന്‍ ഊര്‍ജ മന്ത്രിയെ ഖാലിദ് ഖദൂറിനെയും നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്താക്കി. പ്രധാനമന്ത്രി യൂസുഫ് ഷാഹിദ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഊര്‍ജ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട പ്രധാനമന്ത്രി യൂസുഫ് ഷാഹിദ് ഊര്‍ജ-വ്യവസായ മന്ത്രാലയങ്ങള്‍ പരസ്പരം ലയിപ്പിക്കുമെന്നും അറിയിച്ചു. ലൈസന്‍സോ മുന്‍നടപടിക്രമങ്ങളോ കൂടാതെ രാജ്യത്തെ പ്രധാന ഇന്ധനകേന്ദ്രങ്ങളില്‍ ഒന്നായ ഹല്‍ക്ക് മന്‍സില്‍ എണ്ണപ്പാടത്തില്‍ പര്യവേക്ഷണം നടത്താന്‍ ഒരു തുനീസ്യന്‍ നിക്ഷേപകന് അനുവാദം നല്‍കിയതാണു പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്. തീരനഗരമായ മുനസ്തിറിലെ എണ്ണപ്പാടവുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കു നല്‍കിയ കരാറിലും നീതീകരിക്കാനാകാത്ത തരത്തില്‍ നികുതി വെട്ടിക്കുറച്ചതായും കണ്ടെത്തിയിരുന്നു. ഇരു കേസുകളിലും മന്ത്രിയും ഉദ്യോഗസ്ഥരും കുറ്റാരോപിതരാണെന്ന് സര്‍ക്കാര്‍ വക്താവ് ഇയാദ് ദഹ്മാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഷാഹിദ് തുടക്കമിട്ട അഴിമതി വിരുദ്ധ ഓപറേഷനില്‍ പുറത്താക്കുന്ന ആദ്യ മന്ത്രിയാണ് ഖാലിദ്. ഓപറേഷന്റെ ഭാഗമായി ഇതുവരെ സാധാരണ ഉദ്യോഗസ്ഥരുടെ ജോലി മാത്രമേ തെറിച്ചിട്ടുള്ളൂ. പുതിയ നടപടിയില്‍ പുറത്താക്കപ്പെട്ട മന്ത്രി പ്രതികരിച്ചിട്ടില്ല. എന്നാല്‍, താന്‍ കുറ്റക്കാരനല്ലെന്നു പുറത്താക്കപ്പെട്ട മന്ത്രാലയം സെക്രട്ടറി ഹാഷിം ഹമീദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."