തായ് രാജാവിന്റെ അംഗരക്ഷക ഇനി രാജ്ഞി!
ബാങ്കോക്ക്: രാജാവിന്റെ അംഗരക്ഷക ഒരു സുപ്രഭാതത്തില്‍ പട്ടമഹിഷിയാവുക. തായ്ലന്റ് രാജാവിന്റെ അംഗരക്ഷകരിലൊരാളായിരുന്ന ജനറല്‍ സുതിത ടിഡ്ജായിയെയാണ് ഈ മഹാഭാഗ്യം തേടിയെത്തിയത്.
66കാരനായ മഹാ വജിരലോംഗോണ് രാജാവാണ് ഏറെ കാലത്തെ പ്രണയത്തിനുശേഷം അംഗരക്ഷകയെ രാജ്ഞിയായി വാഴിച്ചത്. രാമ പത്താമന്‍ എന്നറിയപ്പെടുന്ന ഈ രാജാവിന്റെ ഔദ്യോഗിക കിരീടധാരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിവാഹം.
തായ് എയര്‍വെയ്സില്‍ ജീവനക്കാരിയായിരുന്ന സുതിതയെ 2014ലാണ് വജിരലോംഗോണ് രാജാവ് തന്റെ അംഗരക്ഷകസംഘത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായി നിയമിച്ചത്. 2016ല്‍ അവരെ സൈന്യത്തിന്റെ ജനറലായും നിയമിച്ചു. 2017ലാണ് രാജാവിന്റെ ബോഡിഗാര്‍ഡിന്റെ ഉപമേധാവിയാക്കിയത്. താന്പുയിങ് എന്ന രാജകീയ സ്ഥാനവും നല്കി.
ഏറെക്കാലമായി രാജാവിന്റെ നിഴലായി കൂടെയുണ്ടായിരുന്ന ജനറല്‍ സുതിത ഈ പദവി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 2016ല്‍ പിതാവിന്റെ മരണത്തോടെയാണ് മഹാ വജിരലോംഗോണ് രാജാവായത്. നേരത്തെ മൂന്നുതവണ വിവാഹം കഴിച്ച് മൂന്നുപേരെയും വിവാഹമോചനം നടത്തിയ ഇദ്ദേഹം ഏഴു മക്കളുടെ പിതാവാണ്. വജിരലോംഗോണ് രാജാവ് ജനറല്‍ സുതിതയെ രാജ്ഞിയായി വാഴിക്കാന്‍ തീരുമാനിച്ചതായും അവരിനി രാജകുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും രാജകീയ വിളംബരത്തില്‍ പറയുന്നു.
രാജകീയമായിരുന്നു വിവാഹച്ചടങ്ങുകളും. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ തായ് ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്തു. വേളിയുടെ ഭാഗമായി മഹാരാജാവ് രാജ്ഞിയുടെ ശിരസില്‍ വിശുദ്ധജലം തളിച്ചു. തുടര്‍ന്ന് വിവാഹ രജിസ്റ്ററില്‍ ഇരുവരും ഒപ്പുവച്ചു. 2014ലെ സൈനിക അട്ടിമറിക്കു ശേഷം തായ്ലന്റില് ഭരണം നിയന്ത്രിക്കുന്ന പട്ടാളഭരണകൂടത്തിന്റെ നേതാവ് പ്രയുത് ചാന് ഓച്ചയും രാജകുടുംബാംഗങ്ങളും കൊട്ടാരം ഉപദേശകരും ചടങ്ങില്‍ സംബന്ധിച്ചു.
മുന്‍ രാജാവായ ഭൂമിബോല്‍ അതുല്യദേജ് 70 വര്‍ഷം ഭരണം നടത്തിയിരുന്നു. 2016ല്‍ മരിക്കുമ്പോള്‍ ലോകത്ത് ഏറ്റവും നീണ്ടകാലം ഭരണം നടത്തിയ ഏകാധിപതിയായിരുന്നു അദ്ദേഹം.
ബുദ്ധമത-ബ്രാഹ്മണ ചടങ്ങുകളോടെ ശനിയാഴ്ചയാണ് വജിരലോംഗോണ് രാജാവിന്റെ ഔദ്യോഗിക പട്ടാഭിഷേകം. തായ്ലന്റില് രാജാവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാണ് പുതിയ രാജാവ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."