കല്ലട സംഭവം: വീഴ്ചവരുത്തിയ പൊലിസുകാര്‍ക്ക് സ്ഥലംമാറ്റം
നടപടി മരട് എസ്.ഐ അടക്കം നാല് പേര്‍ക്കെതിരേ
കൊച്ചി: കല്ലട ബസില്‍ മര്‍ദനത്തിനിരയായ യുവാക്കള്‍ സഹായം തേടിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ പൊലിസ് ഉദ്യോഗസ്ഥരെ ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. മരട് എസ്.ഐ അടക്കം നാലുപേരെ ഇടുക്കിയിലേക്കാണ് മാറ്റിയത്. എസ്.ഐ ബൈജു പി. ബാബു, സി.പി.ഒമാരായ എം.എസ് സുനില്‍ കുമാര്‍, എ.ഡി സുനില്‍ കുമാര്‍, ഡ്രൈവര്‍ ബിനേഷ് എന്നിവര്‍ക്കാണു സ്ഥലംമാറ്റം. അതേസമയം വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നടപടികള്‍ ഏകോപിപ്പിച്ച പൊലിസ് ആസ്ഥാനത്തെ ഹവില്‍ദാര്‍ ജി. പ്രവീണിനെ ഗുഡ് സര്‍വിസ് എന്‍ട്രിക്കു ശുപാര്‍ശ ചെയ്തു.
യുവാക്കള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ പൊലിസില്‍ വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം മരട് എസ്.ഐ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും സംഭവത്തില്‍ ഇടപെട്ടില്ല. ഇതേതുടര്‍ന്ന് അക്രമികള്‍ വീണ്ടും എത്തി യുവാക്കളെ ഉപദ്രവിച്ചു. മര്‍ദനം ഏറ്റവരെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതല്ലാതെ മരട് പൊലിസ് കേസെടുത്തില്ല. പൊലിസിന്റെ വീഴ്ചയെക്കുറിച്ച് ആക്രമണത്തിന് ഇരയായവര്‍ പരാതി നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണു വകുപ്പുതല നടപടി.
അക്രമികളെ കണ്ടെത്തുന്നതിനോ കേസെടുക്കുന്നതിനോ പൊലിസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്നു വ്യക്തമായതോടെയാണ് എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് കലാശക്കൊട്ട് തിരക്കുകളില്‍ ആയിരുന്നതിനാലാണ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയാഞ്ഞതെന്നാണ് നടപടിക്കു വിധേയരായ പൊലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പരുക്കേറ്റ യുവാക്കള്‍ പൊലിസിനെ അറിയിക്കാതെ കൊച്ചി വിട്ടതും നടപടിക്ക് താമസമായത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."