ഭീതിവിതച്ച് എലിപ്പനി; ആശങ്കയോടെ ഡെങ്കിയും
ചേവായൂര്‍: ജില്ലയില്‍ പ്രളയക്കെടുതിയുടെ ആഘാതം മാറുംമുന്‍പേ ഭീതിവിതച്ച് എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. ഇന്നലെ ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്ന കുട്ടി മരിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 91 പേരാണ് എലിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ അഡ്മിറ്റ് ആയത്. നൂറുകണക്കിന് ആളുകളാണ് രോഗലക്ഷണങ്ങളുമായി ഇവിടെ ചികിത്സ തേടിയെത്തിയത്. പ്രളയത്തിനു ശേഷം എലിപ്പനിക്കുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിക്കുകയും ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്തതാണ്. എന്നാല്‍ വലിയൊരു വിഭാഗം മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാത്തത് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായേക്കുമെന്നു മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി സജിത്ത് കുമാര്‍ പറഞ്ഞു. പ്രളയസമയത്തു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പോലും പ്രതിരോധമരുന്ന് കഴിക്കുന്നില്ലെന്ന് സൂപ്രണ്ട് പറയുന്നു.
ചികിത്സ തേടിയെത്തിയവരില്‍ ഏറിയപങ്കും പ്രളയജലവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ പ്രളയജലവുമായി ഇടപഴകിയവര്‍ നിര്‍ബന്ധമായും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് പ്രത്യേക സംവിധാനമൊരുക്കിയതായി സൂപ്രണ്ട് പറഞ്ഞു. പനിയുമായെത്തുന്നവരെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തി ചികിത്സിക്കും. നിലവിലുള്ള വാര്‍ഡ് കൂടാതെ അത്യാഹിത വിഭാഗത്തിനു സമീപമുള്ള ജെറിയാട്രിക് വാര്‍ഡും രോഗികള്‍ക്കായി ഒരുക്കും. നിപാ നേരിടുന്നതിനായി നിയമിച്ചിരുന്ന 49 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാതെ നിലനിര്‍ത്തുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യും.
സാഹചര്യം നേരിടാന്‍ ഡോ. പി. ജയേഷ് കുമാറിനെ നോഡല്‍ ഓഫിസറായി നിയമിച്ചു.
ഗുരുതരമല്ലാത്ത രോഗികള്‍ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഉപയോഗപ്പെടുത്തണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. സാഹചര്യം നേരിടാന്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നാണ് അധികൃതര്‍ പ്രധാനമായും പറയുന്നത്.
കരുതല്‍ വേണം, രോഗം വരാതിരിക്കാന്‍
പൊതുസ്ഥലങ്ങളിലെ ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവിടങ്ങളില്‍ മുന്‍കരുതലില്ലാതെ ഇറങ്ങരുത്. പ്രതിരോധമരുന്ന് ഉപയോഗിക്കാന്‍ എല്ലാവരും തയാറാകണം. പ്രളയജലവുമായി ഇടപഴകിയവര്‍ നിര്‍ബന്ധമായും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിമായി സഹകരിക്കണം. എട്ടു വയസിനു താഴെയുള്ളവരും ഗര്‍ഭിണികളും ഒഴികെയുള്ള പ്രളയജലവുമായി ബന്ധപ്പെട്ടവരെല്ലാം ആഴ്ചയിലൊരിക്കല്‍ പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."