ജനങ്ങള്‍ക്കു വേണ്ടാത്തതൊന്നും വെടിവച്ചിട്ടു ഭരിക്കാനില്ലെന്നു വ്യവസായമന്ത്രി ഇ.പി ജയരാജന്‍
കൊല്ലം: ജനങ്ങള്‍ക്കുവേണ്ടാത്തതൊന്നും വെടിവച്ചിട്ടു ഭരിക്കാനില്ലെന്നു വ്യവസായമന്ത്രി ഇ.പി ജയരാജന്‍. കേരളാ സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിസ് ഫെഡറേഷന്‍ സംസ്ഥാന സംഗമം കൊല്ലം സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലത്തു നീണ്ടകര മുതല്‍ കായംകുളം വരെയുള്ള ഏറ്റവും വലിയ ഖനനസമ്പത്തു സംഭരിക്കാന്‍ കഴിയുന്നില്ല. പരിസ്ഥിതിയും മലിനീകരണവും തൊഴില്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
ഖനനം സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റിയിലും വ്യാവസായിക ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഇപ്പോള്‍ വെറും വ്യവസായ ഓഫിസുകള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം ഓഫിസുകളെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ വ്യവസായരംഗം സജീവമാക്കും. പുതിയ വ്യവസായ നയം ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വ്യവസായം തുടങ്ങുന്നതിനു സംരംഭകര്‍ ഓഫിസുകള്‍ കയറിയിറങ്ങി മനംമടുക്കുന്ന അവസ്ഥക്കു മാറ്റമുണ്ടാക്കും. വ്യവസായ നയം സംബന്ധിച്ചു കെ.എസ്.ഐ.ഡി.സിക്കു സമഗ്രപഠനം നടത്താന്‍ നാലുമാസം സമയം നല്‍കിയിട്ടുണ്ട്. ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."