ചിതലരിക്കുന്നത് അക്ഷരങ്ങളാണ്...
ബദിയഡുക്ക: അറിവിന്റെ വെളിച്ചം പകരേണ്ട ലൈബ്രറി പുസ്തകങ്ങള്‍ ചിതലരിച്ചു നശിക്കുന്നു. ബദിയഡുക്ക പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ ലൈബ്രറിയാണ് അന്‍പതാണ്ട് പൂര്‍ത്തിയാകുമ്പോള്‍ നശിക്കുന്നത്. ബേളയിലെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറിയില്‍ ലൈബ്രേറിയന്റെ സേവനം വര്‍ഷങ്ങളോളം നില നിന്നിരുന്നു. ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു വരെ നല്ല നിലയില്‍ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ലൈബ്രേറിയന്‍ പോയതോടെ പകരം ആളെ നിയമിച്ചില്ല.
വര്‍ഷങ്ങളോളം പൂട്ടിക്കിടന്നിരുന്ന ലൈബ്രറിക്കെട്ടിടം കാലപ്പഴക്കം മൂലം തകരുകയും തുടര്‍ന്ന് 2004ല്‍ പൊളിച്ച് നീക്കുകയമുണ്ടായി. തുടര്‍ന്ന് സ്വകാര്യ കെട്ടിടത്തിലേക്കു ലൈബ്രറി മാറ്റിയിരുന്നു. നാഥനില്ലാത്തതിനെ തുടര്‍ന്ന് പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കുവാന്‍ തുടങ്ങുകയും ചെയ്തു.
ഫര്‍ണിച്ചറുകള്‍ നാശത്തിന്റെ വക്കിലെത്തിയതിനെ തുടര്‍ന്ന് വായനക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അവശേഷിക്കുന്ന പുസ്തകങ്ങള്‍ പരേതനായ കന്നഡ കവി ഡോ. നാഡോജ കയ്യര്‍ കിഞ്ഞണ്ണ റൈയുടെ പേരില്‍ പഞ്ചായത്തിനു കീഴില്‍ ബോളുക്കട്ടയില്‍ തുടക്കം കുറിച്ച ലൈബ്രറിയിലേക്കു മാറ്റിയിരുന്നു. ഇവിടെ പഞ്ചായത്ത് ഭരണസമിതി ദിവസ വേതന അടിസ്ഥാനത്തില്‍ ഒരാളെ നിയമിച്ചിരുന്നു. ചുരുക്കം മാസം ആളുടെ സേവനം ഉണ്ടായെങ്കിലും മാസങ്ങളോളമായി ലൈബ്രറി തുറക്കാതെ ഫര്‍ണിച്ചറുകള്‍ പൊടിപിടിച്ചു നശിക്കുന്ന അവസ്ഥയിലായി. ഇതിനു പകരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്നു നടപടിയുണ്ടായതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."