കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ
കുട്ടനാട്: കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ. പാടശേഖര സമിതിയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഇതുവരെ പിടിച്ചു നിർത്തിയിരിക്കുന്നത്.
65 ഏക്കർ വരുന്ന പാടശേഖരത്ത് മട വീണു വെള്ളം കയറിയാൽ ചുറ്റും താമസിക്കുന്നവരുടെ പുരയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളം കയറും എന്ന സ്ഥിതിയാണ്. വേലിയേറ്റത്തിൽ വെള്ളം ഇരച്ചു കയറി അള്ള മട വീഴ്ചയുടെ വക്കത്ത് എത്തിനിൽക്കുകയാണ്. മട തടയാൻ വേണ്ട വസ്തുക്കൾ എത്തിക്കുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള പ്രദേശമാണ് ഇവിടം, ബണ്ടിൽ നിൽക്കുന്ന തെങ്ങുകൾ വെട്ടിയും പൊക്കമുള്ള ബണ്ടിൽ നിന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ചാക്കിൽ നിറച്ച് മട തടയാനുള്ള ശ്രമത്തിലാണ് കർഷകരും പാടശേഖര സമിതി ഭാരവാഹികളും.
നാട്ടുകാരുടെയും കർഷകരുടെയും അകമഴിഞ്ഞുള്ള പിന്തുണയോടെ, ഭരണ സമിതി പ്രസിഡന്‍റ് സജിമോൻ പണിക്കർ പറമ്പിലിന്‍റെയും സെക്രട്ടറി ബേബിച്ചൻ മണ്ണങ്കര തറയുടെയും കൺവീനർ സതീശന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."