പ്രവചനത്തില്‍ വീഴ്ചയില്ല: മുന്നറിയിപ്പുകള്‍ രേഖാമൂലം നല്‍കിയിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിന് കാരണമായ അതിതീവ്ര മഴയുടെ മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് പിഴവുകളുണ്ടായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രവചനം കൃത്യമായിരുന്നെന്നും മുന്നറിയിപ്പുകള്‍ രേഖാമൂലം നല്‍കിയെന്നും വിശദീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പിറക്കി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ഓഫിസ് വഴി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതുകൂടാതെ വൈബ്‌സൈറ്റില്‍ എല്ലാദിവസവും വിവരങ്ങള്‍ ഉള്‍പ്പെടുത്തി. ജില്ലകളില്‍ ലഭിക്കാവുന്ന മഴയുടെ വിവരങ്ങളും 'കളര്‍ കോഡ് അലര്‍ട്ടിന്റെ' (ഓറഞ്ച്, റെഡ് മുന്നറിയിപ്പുകള്‍) വിവരങ്ങളും നല്‍കിയിരുന്നു.
ഡോപ്ലര്‍ വെതര്‍ റെഡാര്‍ ഉപയോഗിച്ചുള്ള 'നൗ കാസ്റ്റ് ' കാലാവസ്ഥാ വിവരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കിയിരുന്നു. അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പും അനുബന്ധമായി രണ്ടു ദിവസത്തേക്കുള്ള മുന്നറിയിപ്പുകളും ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ദുരന്ത നിവാരണ അതോറിറ്റി, നേവി, സ്‌പെഷല്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കി.
ഓഗസ്റ്റ് ഒന്‍പതിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാലാവസ്ഥാ സാഹചര്യങ്ങളും കനത്ത മഴയ്ക്കുള്ള സാഹചര്യവും വ്യക്തമാക്കിയിരുന്നു. അഡി. ചീഫ് സെക്രട്ടറിയെ (റവന്യൂ) ഫോണിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് പത്തിന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും ഓഗസ്റ്റ് 14ന് തിരുവനന്തപുരം, കൊല്ലം കലക്ടര്‍മാരെ കാലാവസ്ഥാ സംബന്ധമായ വിശദവിവരങ്ങള്‍ അറിയിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."