നെഹ്‌റു കോളജിലെ അക്രമം; എസ്.എഫ്.ഐയുടേത് ഫാസിസ്റ്റ് സമീപനം: കെ.എസ്.യു പരാതികള്‍ പൊലിസിനു കൈമാറണം
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിനിയുടെ കൈ പിടിച്ചു തിരിച്ചു പരുക്കേല്‍പ്പിച്ച സംഭവം എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് സമീപനമാണു വ്യക്തമാക്കുന്നതെന്ന് കെ.എസ്.യു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം സംബന്ധിച്ചു കുറ്റക്കാരായ എസ്.എഫ്.ഐ വിദ്യാര്‍ഥികളെ കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ പലരേയും ഉപയോഗിച്ചു കൊണ്ടു പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി പരാതി പിന്‍വലിക്കാന്‍ സാഹചര്യമുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി കോളജ് അധികൃതര്‍ക്കു നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു. ഇക്കാര്യം കോളജ് യോഗ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ തങ്ങള്‍ വെറും ഖേദ പ്രകടനം മാത്രമാണു നടത്തിയതെന്ന എസ്.എഫ്.ഐയുടെ വാദം അടിസ്ഥാനരഹിതമാണ്.
എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ പേരില്‍ ഇരുപതോളം പെണ്‍കുട്ടികള്‍ നല്‍കിയ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ പരാതികള്‍ കോളജ് അധികൃതര്‍ അന്വേഷിക്കുന്നതിനു പകരം ഇവ പൊലിസിനു കൈമാറണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ കൈപിടിച്ചു തിരിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരേ കേസെടുത്താല്‍ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യാന്‍ വഴിയില്ലാത്തതിനാലാണ് കോളജില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം നടന്നെന്ന വ്യാജ പ്രചാരണം നടത്തിയത്. കെ.എസ്.യു ഇക്കാര്യത്തില്‍ യാതൊരു വിധ മുതലെടുപ്പും നടത്തിയിട്ടില്ല. കോളജ് കാമ്പസിനകത്ത് എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധമായി ഇന്നു വൈകുന്നേരം മാന്തോപ്പ് ഹൊസ്ദുര്‍ഗ് മൈതാനിയില്‍ വിദ്യാര്‍ഥി സംഗമം നടക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍, സെക്രട്ടറി രതീഷ് ഇരിയ, ബ്ലോക്ക് പ്രസിഡന്റ് ഗോകുല്‍ ഇരിയ, നന്ദകിഷോര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."