അതിജീവനത്തിനു മാതൃകയായി ബിജു
ചെറുവത്തൂര്‍: വിധി നല്‍കിയ വെല്ലുവിളികളില്‍ തളര്‍ന്നിരിക്കാനോ പകച്ചുനില്‍ക്കാനോ വെള്ളച്ചാല്‍ കൊവ്വലിലെ സി ബിജു തയാറല്ല. പകരം അതിജീവനത്തിന്റെ പുതിയ വഴി തുറന്നു തനിക്കൊപ്പം മറ്റുള്ളവരെയും ചേര്‍ത്തു നിര്‍ത്തി ശ്രദ്ധേയനാകുകയാണ് ബിജു. അതു കൊണ്ടാണു അരയ്ക്കു താഴെ തളര്‍ന്നിട്ടും ബിജുവും കൂട്ടുകാരുമുണ്ടാക്കുന്ന സോപ്പുപൊടിക്കും ഫിനോയിലിനും നന്മയുടെ മണം കൂടിയുണ്ടാകുന്നത്.
അഞ്ചു വര്‍ഷം മുമ്പാണ് വെള്ളച്ചാല്‍ കൊവ്വലിലെ സി ബിജുവിനു പരുക്കേല്‍ക്കുന്നത്. വിദേശത്ത് ജോലിചെയ്യുകയായിരുന്ന ബിജു അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വീടിനു മുകളില്‍ നിന്നു കാല്‍വഴുതി വീണു അരയ്ക്ക് താഴെ തളര്‍ന്നു. എന്നാല്‍ എല്ലാം തകര്‍ന്നുവെന്ന് കരുതി തളര്‍ന്നിരിക്കാന്‍ ഈ ചെറുപ്പക്കാരന്‍ തയാറായിരുന്നില്ല. സമാനമായ വേദനകള്‍ അനുഭവിക്കുന്നവരെ ബന്ധപ്പെട്ടു അവരെയെല്ലാം ചേര്‍ത്ത് 'സ്‌നേഹാമൃതം' എന്ന കൂട്ടായ്മയുണ്ടാക്കി.
പലരുടെയും ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. അവര്‍ക്ക് താങ്ങാവാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന ആലോചനയില്‍ നിന്നാണ് സ്വയം തൊഴില്‍ സംരംഭം എന്ന ആശയത്തിലേക്ക് എത്തിയത്.
ആലക്കോട് സ്വദേശിയായായ സുഹൃത്ത് അനീഷ് പൂര്‍ണ പിന്തുണയും പരിശീലനവും നല്‍കി. അങ്ങനെയാണ് 'നീലിമ' എന്നപേരില്‍ വാഷിംഗ് പൗഡര്‍ പുറത്തിറങ്ങുന്നത്. ഇതു വഴി ലഭിക്കുന്ന വരുമാനത്തില്‍ നിന്നു മാസം തോറും നിരാലംബരായ പത്തുപേര്‍ക്കു ഭക്ഷണകിറ്റ് നല്‍കുന്നുണ്ട്. ഇപ്പോള്‍ പ്രതിദിനം ഇരുന്നൂറു പാക്കറ്റ് വാഷിംഗ് പൗഡര്‍ ഉണ്ടാക്കുന്നുണ്ട്.
കുടുംബശ്രീ യൂനിറ്റുകള്‍, വിദ്യാലയങ്ങള്‍ എന്നിവ വഴി വാഷിംഗ് പൗഡര്‍ വില്‍പന നടത്താനാണ് പുതിയ തീരുമാനം. ഇതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നിരാലംബരായ രോഗികകള്‍ക്ക് മരുന്നും മറ്റു സഹായങ്ങളും എത്തിക്കുക എന്നതാണ് വലിയ ആഗ്രഹം.
വീല്‍ചെയര്‍, വാട്ടര്‍ ബെഡ് എന്നിവ ആവശ്യമുള്ളവര്‍ കൂട്ടായ്മയില്‍ തന്നെയുണ്ട്. അവര്‍ക്കും അതു വാങ്ങിച്ചു നല്‍കണം. വീല്‍ ചെയറില്‍ ഇരുന്നു ഇത്രയൊക്കെ ചെയ്യുമ്പോള്‍ ബിജുവിന് ഒന്നേ പറയാനുള്ളൂ. തളര്‍ച്ചയില്‍ തളരരുത്. മനക്കരുത്ത് കൊണ്ട് അതിജീവനത്തിനു മാതൃക കാട്ടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."