ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര പുരോഗമിക്കുന്നു
മദീന: മക്കയിലുള്ള മലയാളി ഹാജിമാരുടെ മദീന സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. മക്കയിലെത്തിയ ആദ്യ സംഘത്തില്‍ പെട്ടവര്‍ പത്ത് മണി മുതലാണ് മദീനയിലേക്ക് യാത്ര തിരിക്കുക. ഇവര്‍ ഹജ്ജ് പൂര്‍ത്തിയാക്കി ഉംറയും നിര്‍വഹിച്ച് മക്കയിലെ പുണ്യ കേന്ദ്രങ്ങളില്‍ സന്ദര്‍ശനവും നടത്തിയാണ് മദീനയിലേക്ക് പോകുന്നത്. എട്ടു ദിവസത്തെ മദീന സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയിലാണ് ഷെഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മക്കയില്‍ നിന്ന് യാത്രയാകുന്ന ഹാജിമാര്‍ ആറു മണിക്കൂര്‍ ബസ് യാത്രക്ക് ശേഷം വൈകിട്ടോടെ മദീനയില്‍ എത്തിച്ചേരും.
മക്കയില്‍ നിന്ന് 480 കിലോമീറ്റര്‍ താണ്ടണ്ടി മദീനയിലെത്തുന്ന മലയാളി ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ സന്നദ്ധ സേവക സംഘങ്ങള്‍ തയാറായി കഴിഞ്ഞു. ഹജ്ജ് മിഷന് കീഴിലെ ഉദ്യോഗസ്ഥരും ഇവിടെ സദാ സന്നദ്ധമാണ്. മദീനയിലെത്തുന്ന ഹാജിമാര്‍ പ്രവാചക ഖബറിടത്തിനും പള്ളിക്കും പുറമെ, മസ്ജിദുല്‍ ഖുബ, മസ്ജിദുല്‍ ഖിബ്ലതൈന്, ഉഹ്ദ്, ജന്നത്തുല്‍ ബഖിഹ് തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കും.
ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 11,890 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയത്. ഈ മാസം 12 മുതലാണ് മദീനയില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക. അതേസമയം, ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര പുരോഗമിക്കുകയാണ്. 52 വിമാനസര്വിസുകളിലായി 14,060 ഹാജിമാര്‍ ഇതിനകം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ മദീനയില്‍ എത്തിയ ഡല്‍ഹി, ഗുവാഹത്തി, ലഖ്നൗ, ശ്രീനഗര്‍ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്ക യാത്രയാണ് ജിദ്ദയില്‍ നിന്ന് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."