നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത് വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനാല്‍
ആലപ്പുഴ : നഴ്‌സിങ് വിദ്യാര്‍ഥിനി വിഷക്കായ കഴിച്ച് ജീവനൊടുക്കിയത് വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിലുള്ള മനോവിഷമത്താല്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിനിയും ബി.എസ്.സി. നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21)യെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അര്‍ച്ചന അറിയിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ഇയാള്‍ അര്‍ച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇരുവരും പ്രണയം തുടര്‍ന്നെങ്കിലും അടുത്തിടെ സ്ത്രീധനത്തെ ചൊല്ലി ബന്ധം ഉലയുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
അര്‍ച്ചനയെ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ തുക സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറി. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം നടന്ന് പിന്നീടാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാര്‍ക്ക് ലഭിച്ചത്. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തൃക്കുന്നപ്പുഴ പൊലിസിന് കൈമാറിയിട്ടുണ്ടന്നും ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."