ഗ്രീക്ക് തത്വചിന്തയും മുസ്‌ലിംകളും
മട്ടത്രികോണത്തിന്റെ ലംബത്തിന്റെ സ്‌ക്വയറിന്റെയും പാദത്തിന്റെ സ്‌ക്വയറിന്റെയും തുക കര്‍ണ്ണത്തിന്റെ വര്‍ഗത്തോട് തുല്യമാണെന്ന ലോകപ്രശസ്തവും മാതമറ്റിക്‌സിനെ ആധുനിക രീതിയിലേക്ക് ഉയര്‍ത്താന്‍ സഹായകമായ സിദ്ധാന്തത്തിന്റെ വക്താവ് പൈഥഗോറസിനോട് (ബി.സി 570- 495) അന്നത്തെ ഗ്രീസിലെ ധിക്കാരിയായ ഭരണാധികാരി പരിഹാസ സ്വരത്തില്‍ ചോദിച്ചു 'നീ ആര്', 'ഞാന്‍ ഫൈലസോഫാണ്' എന്ന് അപ്രതീക്ഷിത മറുപടി നല്‍കി. തത്വജ്ഞാന സ്‌നേഹി എന്നാണതിന്റെ വിവക്ഷ. ഫൈലോ(സ്‌നേഹിക്കുന്നവന്‍) സോഫിയ (തത്വജ്ഞാനം, യുക്തിജ്ഞാനം) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്ന് ഉണ്ടായതാണ.് ഫല്‍സഫ എന്ന അറബി പദം ഇതില്‍ നിന്ന് ഉത്ഭവിച്ചതാണ്.
മനുഷ്യോല്‍പത്തി മുതല്‍ ഭൗതിക, അഭൗതിക ശാസ്ത്രശാഖകളില്‍ ഗവേഷണം തുടങ്ങിയിട്ടുണ്ട്. ബി.സി 700- 600കളില്‍ വ്യവസ്ഥാപിതമായി ഗ്രന്ഥ രചനയും പാഠശാലകളും നിലവില്‍ വന്നു എന്നാണ് അനുമാനം. ബി.സി 400ന്റെ മധ്യകാലഘട്ടത്തില്‍ പ്ലാറ്റോയും സോക്രട്ടീസും വന്നതോടെ ഗ്രീക്ക് ശാസ്ത്രത്തിന്റെ എല്ലാ മേഖലകള്‍ക്കും പുത്തനുണര്‍വ് വരികയും ലോകശ്രദ്ധ പതിയുകയും ചെയ്തു. മറ്റു ശാസ്ത്രങ്ങള്‍ക്കെന്ന പോലെ വൈദ്യശാസ്ത്രത്തിന് സമൂല പുരോഗതി നല്‍കുകയും രോഗ നിര്‍ണയത്തിനും ചികിത്സക്കും നവീന രീതി ആവിഷ്‌കരിച്ച് പ്രാബല്യത്തില്‍ വരുത്തി സോക്രട്ടീസ് വിപ്ലവം സൃഷ്ടിച്ചു. നൂതന രീതിയിലുള്ള മൂത്രപരിശോധന ആദ്യമായി തുടങ്ങിയത് അദ്ദേഹമാണ്.
പ്രഭാതത്തിലെ മൂത്ര പരിശോധനക്ക് നിര്‍ദേശിക്കപ്പെട്ട വ്യക്തി തന്റെ പശുവിന്റെ മൂത്രവുമായി സോക്രട്ടീസിനെ പരിശോധിക്കാന്‍ തീരുമാനിച്ചു. മൂത്രം പരിശോധിച്ച് സോക്രട്ടീസ് റിപ്പോര്‍ട്ട് നല്‍കി 'ഈ പശുവിന് ഉണങ്ങിയ പുല്ല് മാത്രമാണ് രാത്രി നല്‍കിയത്. വെള്ളം ആവശ്യത്തിന് കൊടുത്തിട്ടുമില്ല'.
ഇശ്‌റാഖിയ്യ സരണി
എന്നാല്‍ പ്ലാറ്റോ (ബി.സി 427-348) ഭൗതിക- അഭൗതിക ശാസ്ത്രങ്ങളില്‍ പുതിയ രീതി കണ്ടുപിടിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തു. ഓരോരോ കാര്യങ്ങളും വിശദ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി കണ്ടെത്തുന്നതിന് പകരം ഹൃദയം സ്ഫുടംചെയ്ത് അകക്കണ്ണുകൊണ്ട് ചിന്തിച്ച് ധ്യാനിച്ച് സത്യങ്ങള്‍ ഹൃദയത്തിലേക്ക് വെളിപാടായി പ്രത്യക്ഷപ്പെടുന്ന ശൈലിയാണ് അവലംബിച്ചത്. അതിനുള്ള പഥ്യങ്ങളും പരിശീലനങ്ങളും പരിത്യാഗങ്ങളും ആവിഷ്‌കരിച്ച് സ്വയം പ്രാവര്‍ത്തികമാക്കുകയും ശിഷ്യരെ അതിന്ന് പ്രാപ്തരാക്കുകയും ചെയ്തു. അങ്ങനെ വിവിധ വിഷയങ്ങളില്‍ കണ്ടുപിടിത്തങ്ങളും തത്വങ്ങളും അനുമാനങ്ങളും ആവിഷ്‌കരിച്ചു. ഈ വെളിപാടുകള്‍ക്ക് പ്ലേറ്റോനിസം എന്ന് പറയപ്പെട്ടു. ഗ്രീക്കില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തിതമായപ്പോള്‍ ഇത് ഇശ്‌റാഖിയ്യ- മശ്‌റഖിയ്യ സരണി എന്ന് അറിയപ്പെട്ടു
മശ്ശാഇയ്യ സരണി
പ്ലാറ്റോയുടെ ഏറ്റവും അടുത്ത ശിഷ്യന്‍ അരിസ്‌റ്റോട്ടില്‍ ബി.സി 384-322=62 തന്റെ ഗുരുവര്യരുടെ കാഴ്ചപ്പാടുകളെല്ലാം നേരിട്ട് പഠിക്കുകയും മനസിലാക്കുകയും ഗുരുവിന്ന് വേണ്ടി ന്യായീകരിക്കുകയും വിമര്‍ശകരുടെ കണ്ണിലെ കരടായി പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. കണ്ടുപിടുത്തങ്ങളുടെ കാര്യങ്ങള്‍ അങ്ങനെത്തന്നെയാണ് എന്നും ഒരേ ശൈലിയോ ഒരേ മാനദണ്ഡമോ ആവണമെന്നില്ലെന്നും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടേയിരിക്കുമെന്നും സ്ഥാപിച്ചു.
ഏത് വിഷയത്തിലും നേരിട്ട് ഗവേഷണ നിരീക്ഷണം നടത്തി അതിന്റെ യാഥാര്‍ഥ്യം കണ്ടെത്തുകയായിരുന്നു അരിസ്റ്റോട്ടില്‍ ഇഷ്ടപ്പെട്ട ശൈലി. ഭൗതികതയില്‍ നിന്ന് അഭൗതികതയിലേക്ക് എത്തുക എന്നതും അദ്ദേഹത്തിന്റെ തത്വമായിരുന്നു. ഈ ചിന്തയില്‍ നിന്നാണ് ലോകം ആരും പടച്ചതല്ല എന്നും ലോകം അനാദിയാണെന്നും അനശ്വരമാണെന്നുമുള്ള വികല വീക്ഷണത്തിലേക്ക് നയിച്ചത്. എല്ലാ ശക്തികളുടെയും ശക്തി എന്ന് പരിചയപ്പെടുത്തുന്ന ദൈവത്തിന്ന് സ്വയേഷ്ടപ്രകാരം ഒന്നും കഴിയുകയില്ല, എല്ലാം അവനില്‍ നിന്ന് ഉണ്ടായി തീര്‍ന്നതാണ് എന്നും വാദിച്ചത്.
മഖ്ദൂനിയന്‍ അലക്‌സാണ്ടര്‍ ബി.സി 335ല്‍ പ്രിയ ഗുരുനാഥന്‍ അരിസ്റ്റോട്ടിലിന് ഗവേഷണ നിരീക്ഷണം നടത്താനും പഠിപ്പിക്കാനും ഉതകുന്ന അതി ബൃഹത്തും വിശാലവുമായ പാഠശാല ആധുനിക ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സിനടുത്ത് സ്ഥാപിച്ചു. കീഴടക്കുന്ന രാജ്യങ്ങളില്‍ ലഭ്യമാകുന്ന ജന്തുക്കളെയും സസ്യങ്ങളെയും സുരക്ഷിതമായി ഗുരുവിന്റെ പാഠശാലയില്‍ എത്തിക്കണമെന്ന് സൈന്യത്തിന്ന് പ്രത്യേക നിര്‍ദേശം അലക്‌സാണ്ടര്‍ നല്‍കിയിരുന്നു. തന്നിമിത്തം വൈവിധ്യമാര്‍ന്ന അനേകം ജീവജാലങ്ങളുടെയും വൃക്ഷങ്ങളുടെയും ചെടികളുടെയും വന്‍ ശേഖരം പരീക്ഷണാലയത്തില്‍ ഉണ്ടായിരുന്നു.
വിവിധ സെഷനുകളായി തിരിച്ച് പ്രത്യേക പാതകളും അടയാളങ്ങളും സ്ഥാപിച്ച് തരംതിരിച്ചതായിരുന്നു ഗവേഷണാലയം. ശിഷ്യന്‍മാരുമായി ഗവേഷണ നിരീക്ഷണ പഠനങ്ങള്‍ക്ക് പോകുമ്പോള്‍ ആ സെഷനില്‍ നടന്ന് സഞ്ചരിച്ച് ക്ലാസെടുക്കുന്ന രീതിയായിരുന്നു അരിസ്‌റ്റോട്ടില്‍ അവലംബിച്ചത്. ആ ശൈലിയെ സൂചിപ്പിക്കുന്ന നാമമാണ് PERIPARETIC, PERIPARETIKOS എന്ന് പറയുന്നത്. അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ മശ്ശാഇയ്യ സരണി എന്നായി.
ഫല്‍സഫ മുസ്‌ലിംകളിലേക്ക്
കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. പല രാജാക്കന്‍മാരും ഭരണകര്‍ത്താക്കളും മാറി മാറി വന്നു. ശാസ്ത്രങ്ങളും പഠനങ്ങളും ഗവേഷണങ്ങളും നൂതന കണ്ടുപിടുത്തങ്ങളും മാറ്റത്തിരുത്തലുകളും സംഭവിച്ചു. പ്രവാചകന്‍ ഈസയുടെ കാലത്ത് ശാസ്ത്രം കൂടുതല്‍ പുരോഗമിച്ചു. വൈദ്യ ശാസ്ത്രത്തില്‍ ചികിത്സിക്കാന്‍ കഴിയാത്ത രോഗമില്ലെന്ന് വാദിക്കുന്നിടത്ത് വരെ ശാസ്ത്രജ്ഞരെത്തി. പിന്നെയും അഞ്ചു ശതകം പിന്നിട്ടു. ലോകം വിശിഷ്യാ അറേബ്യ അന്ധകാരത്തില്‍ മുഴുകി. സത്യവും അസത്യവും വേര്‍തിരിയാത്ത സമൂഹം വിട്ടുവീഴ്ചയും സഹിഷ്ണുതയുമില്ലാതെ വിശ്വസിച്ച ദൈവങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്നവരായി. മനനം ചെയ്യുന്നതിന്ന് പകരം മനോനില തെറ്റിയ ജനങ്ങള്‍, ഭാഷ നന്നാക്കി സംസാരിക്കുന്നവനെ വാഴ്ത്തുന്നവര്‍, ആശയ ഗാംഭീര്യത്തെക്കാള്‍ വാക്ക് വൈഭവത്തിന് പ്രാമുഖ്യം തുടങ്ങിയ സ്വഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
അപ്പോഴാണ് ആശയ ഗാംഭീര്യ, ഭാഷാ പ്രൗഢിയോടെ മാസ്മരികത സൃഷ്ടിച്ചുകൊണ്ട് ഖുര്‍ആനുമായി പ്രവാചകന്‍ മുഹമ്മദ് നബി കടന്നുവരുന്നത്. അതോടെ ലോകത്തിന് പുതുജീവന്‍ ലഭിച്ചു. നീതിക്ക് വേണ്ടി വര്‍ത്തിക്കുന്ന, സത്യത്തിന് വേണ്ടി ജീവിക്കുന്ന മനുഷ്യോന്നതിക്ക് വേണ്ടി വര്‍ത്തിക്കുന്ന ഒരു ഉത്തമ സമൂഹം നിലവില്‍ വന്നു. അവര്‍ക്ക് വിശ്വാസപരവും കര്‍മ്മപരവും ഭൗതികവും അഭൗതികവും ആത്മീയപരവുമായ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും ലഭിച്ചു. ഇഹപര ജീവിതത്തില്‍ മനുഷ്യന് ഉപകാരമുള്ള വിജ്ഞാന ശാഖകളെയും തത്വങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അത് മതാടിസ്ഥാനത്തില്‍ സാമൂഹ്യ ബാധ്യതയായി പ്രഖ്യാപിക്കുകയും ചെയ്തു. ശാരീരിക, മാനസിക സാമൂഹിക ഉപദ്രവമുള്ളവയെ ഇസ്‌ലാം വിരോധിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ വൈയക്തികവും സാമൂഹ്യപരവുമായ മനുഷ്യ ഉന്നമനത്തിന് സഹായകമായ എല്ലാ ശാസ്ത്ര ഗവേഷണ കണ്ടുപിടിത്തങ്ങളും പ്രവാചകന്റെയും ഖുലഫാഉറാശിദുകളുടെയും കാലത്ത് തന്നെ പുരോഗതി പ്രാപിച്ചു. ആദ്യത്തെ കിടത്തി ചികിത്സിക്കാവുന്ന സഞ്ചരിക്കുന്ന ആതുരാലയം നിലവില്‍ വന്നത് പ്രവാചകന്റെ കാലത്താണെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അമവി ഭരണാധികാരി ഒന്നാമന്‍ മുആവിയയുടെ പൗത്രന്‍ ഖാലിദ് ബ്‌നു യസീദ് (ഹിജ്‌റ 51-90 എ.ഡി 670-709) വിജ്ഞാന ദാഹിയും രസതന്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്നു.ഗ്രീക്കും അറബിയും നന്നായി വശമുള്ള പണ്ഡിതരെ ദമസ്‌കസിലെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി അവരോട് നിര്‍ദേശിച്ചു, ഗ്രീക്ക് ഭാഷയിലുള്ള കെമിസ്ട്രി, മെഡിസിന്‍, ആസ്‌ട്രോണമി എന്നീ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍. അതോടെ ഇസ്‌ലാമിക ചരിത്രത്തില്‍ പ്രഥമമായി ഗ്രീക്ക് ഭാഷയില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം നടന്നു.
ഹിജ്‌റ 127 മുതല്‍ അബ്ബാസിയ്യ ഖിലാഫത്ത് നിലവില്‍ വന്നു. അബ്ബാസിയ്യ ഖലീഫമാരില്‍ രണ്ടാമന്‍ ഖലീഫ മന്‍സൂര്‍ ഹിജ്‌റ 132ല്‍ (എ.ഡി 757) ബഗ്ദാദിലെ കൊട്ടാരത്തില്‍ ഗ്രന്ഥശാല സ്ഥാപിക്കുകയും ഇറാനിലെ ഗുണ്ഡിസാപൂരിലെ അതിപുരാതന ചികിത്സാലയത്തെ ബഗ്ദാദിലേക്ക് മാറ്റി സ്ഥാപിക്കുകയും പ്രശസ്ത ബഹുഭാഷാ പണ്ഡിതനും ഫിസിഷ്യനുമായ ജ്യൂറിഷ് ബക്തിഷ്യുനെ തലവനായി നിശ്ചയിക്കുകയും ചെയ്തതോടെ ഇന്ത്യന്‍, ഗ്രീക്ക്, ചൈനീസ്, ശാസ്ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എ.ഡി 809 ഹിജ്‌റ 188ല്‍ ഗ്രന്ഥങ്ങള്‍ കൊട്ടാരത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വന്നപ്പോള്‍ ഖലീഫ ഹാറൂണ്‍ റഷീദ് പ്രശസ്തമായ ബൈത്തുല്‍ ഹിക്മക്ക് തറക്കല്ലിടല്‍ കര്‍മം നടത്തി. കീഴടക്കുന്ന നാട്ടിലെ ഗ്രന്ഥങ്ങളും ഗ്രന്ഥാലയങ്ങളും ഒരു തകരാറും സംഭവിക്കാതെ സസൂക്ഷ്മം കൈകാര്യം ചെയ്യണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയ രാജാവാണ് ഹാറൂണ്‍ റഷീദ്.
ഹാറൂണ്‍ റഷീദിന്റെ മകനായ ഖലീഫ അമീനിനെ കൊന്ന് സഹോദരന്‍ മഅ്മൂന്‍ ഭരണം പിടിച്ചെടുത്തു. മഅ്മൂന്‍ ഭൗതിക വിജ്ഞാന ദാഹിയും ഭൗതിക തല്‍പരനും ആധുനികതക്ക് മതത്തേക്കാള്‍ പ്രാമുഖ്യം നല്‍കുന്നവനും ബുദ്ധിക്ക് പ്രാമുഖ്യം നല്‍കണമെന്ന മുഅ്തസിലത്തിന്റെ മദ്ഹബുകാരനുമായതിനാല്‍ ലോകത്തിലുള്ള എല്ലാ ശാസ്ത്രശാഖകളെയും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ നിര്‍ദേശിച്ചു. ഹുനൈന്‍ ബിന്‍ ഇസ്ഹാഖ് എന്ന ക്രിസ്തീയ ബഹുഭാഷാ പണ്ഡിതനെ മേലധികാരിയായി ചുമതലപ്പെടുത്തി. വിവര്‍ത്തനം ചെയ്യപ്പെടുന്ന ഗ്രന്ഥത്തിന്റെ തൂക്കത്തില്‍ സ്വര്‍ണം പാരിതോഷികമായി നല്‍കിയിരുന്നു.
ഖലീഫ മഅ്മൂനിന്റെ ക്ഷേത്ര ഗണിതവുമായുള്ള താല്‍പര്യം കാരണം യൂക്ലിടിന്റെ ഗ്രന്ഥത്തിലെ അഞ്ചാമത്തെ തത്വത്തിലെ രൂപത്തെ തന്റെ വസ്ത്രങ്ങളിലും കൊട്ടാരത്തിലും മറ്റും ഉല്ലേഖനം ചെയ്യപ്പെട്ടിരുന്നു. ആ തത്വത്തിന് പിന്നീട് ശക്‌ലു മാമൂനി എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ഖലീഫ മഅ്്മൂന്റെ കാലത്ത് ബൈതുല്‍ ഹിക്മ എല്ലാ ശാസ്ത്രശാഖകളും ഉള്‍ക്കൊള്ളുന്ന ആധുനിക സര്‍വകലാശാലയോട് തുല്യമായ സ്ഥാപനമായി വളര്‍ന്നു. പല ഭാഗങ്ങളില്‍ നിന്നും പഠിതാക്കള്‍ അങ്ങോട്ട് ഒഴുകിയെത്തി. ഇന്ത്യന്‍, ചൈനീസ്, വൈദ്യ, ഗോള, ശാസ്ത്രങ്ങള്‍ അവരുടെ വിശ്വാസാചാരങ്ങളുമായി ബന്ധിക്കപ്പെട്ടതിനാല്‍ ശിര്‍ക്കിന്റെ സ്വാധീനം കൂടുതലുള്ളതിനാല്‍ അവയെക്കാള്‍ ഗ്രീക്ക് ശാസ്ത്രത്തിന് മുസ്‌ലിംകളിലും ബൈതുല്‍ഹിക്മയിലും സ്വാധീനം വര്‍ധിക്കാനിടയായി. എ.ഡി 847 വരെ ഈ നില തുടര്‍ന്നു. പിന്നീട് വന്ന ഖലീഫ മുതവക്കില്‍ പൂര്‍ണ മതാധിഷ്ടിതമായ ജീവിതത്തിന് ഉടമയായിരുന്നു. മനുഷ്യനിര്‍മിത ദൈവിക ശാസ്ത്രത്തേയും അനാവശ്യ തര്‍ക്ക ശാസ്ത്രത്തേയും നിരുത്സാഹപ്പെടുത്തി. അതോടെ ബൈത്തുല്‍ ഹിക്മയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. പിന്നീട് താര്‍ത്താരികള്‍ ബൈത്തുല്‍ ഹിക്മയെ നശിപ്പിച്ചു.
(ലേഖനം അടുത്ത ലക്കത്തില്‍ തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."