കൊടിക്കുന്നില്‍ എതിര്‍ത്തു; മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം തടഞ്ഞു
കൊല്ലം: എ.ഐ.സി.സി ഇടപെട്ടതോടെ കൊല്ലം ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ നിയമനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടുന്ന സമിതിയുടെ നേതൃത്വത്തില്‍ സമവായത്തിലൂടെ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായി നിയമനം നടത്തുന്നതറിഞ്ഞ് കൊടിക്കുന്നില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനെ പ്രതിഷേധം അറിയിക്കുകയായിരുന്നു. മുകുള്‍ വാസ്നിക് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹസന്റെ നിര്‍ദേശ പ്രകാരം മണ്ഡലം പ്രസിഡന്റ് നിയമനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
കൊടിക്കുന്നില്‍ സുരേഷിന്റെ ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയിലെ പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര തുടങ്ങിയ നിയോജക മണ്ഡലങ്ങളില്‍ കൊടുക്കുന്നില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവരെ മണ്ഡലം പ്രസിഡന്റാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമവായ കമ്മിറ്റി രൂപീകരിച്ച് കൊടിക്കുന്നിലിന്റെ കൂടി അഭിപ്രായം പരിഗണിച്ച് പ്രസിഡന്റുമാരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് എ.ഐ.സി.സി നിര്‍ദേശിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ ഡി.സി.സി നേതൃത്വത്തിന് ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."