പുനര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം
കൊല്ലം: ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണമടക്കമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസനസമിതി. പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആറുകളുടെ തീരസംരക്ഷണം സാധ്യമാക്കുന്ന പദ്ധതികള്‍ക്കും കടല്‍ഭിത്തി ബലപ്പെടുത്തുന്നതിനും മുഖ്യപരിഗണന നല്‍കണം. മുക്കം പൊഴിക്ക് മുകളിലൂടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് പദ്ധതി സമര്‍പ്പിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു. കൊല്ലം തോടിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കടലാക്രമണത്തില്‍ കേടുപാടുണ്ടായ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണിയും ആവശ്യമുള്ളയിടങ്ങളില്‍ പുതിയവയുടെ നിര്‍മാണവും നടത്തണം.
മഴക്കെടുതി കാരണം അപകടാവസ്ഥയിലായ പുളിമൂട്ടില്‍ക്കടവ്, ചിറയില്‍ക്കടവ് പാലങ്ങളുടെ നിര്‍മാണം അടിയന്തരമായി ഏറ്റെടുക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍ദേശിച്ചു. പട്ടികജാതി കോളനികളില്‍ സ്വാശ്രയഗ്രാമം പദ്ധതി പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
ഇത്തിക്കര-ആയൂര്‍ റോഡിന്റെ സര്‍വേ നടപടി കാലതാമസം കൂടാതെ നിര്‍വഹിക്കണമെന്ന ആവശ്യമാണ് ജി.എസ് ജയലാല്‍ എം.എല്‍.എ മുന്നോട്ടുവച്ചത്. വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജനകീയ സമിതികള്‍ കൃത്യമായി നടത്തണമെന്ന ആവശ്യത്തില്‍ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കണമെന്ന് പി. അയിഷാപോറ്റി എം.എല്‍.എ നിര്‍ദേശം നല്‍കി. കൊട്ടാരക്കര ഡിപ്പോയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പടുത്തണം. ഗുരുവായൂര്‍, പഴനി, കായംകുളം തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ പുനഃസ്ഥാപിക്കണം. എഴുകോണ്‍ പൊലിസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നടപടികള്‍ ത്വരിതപ്പെടുത്താനാകുമെന്ന് ഇതു സംബന്ധിച്ച എം.എല്‍.എ യുടെ ആവശ്യത്തിന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ മറുപടി നല്‍കി.
പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നില്‍നിന്ന് നയിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് എന്‍. വിജയന്‍ പിള്ള എം.എല്‍.എ നിര്‍ദേശിച്ചു. തകര്‍ന്ന വള്ളങ്ങളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
ചിറ്റുമലച്ചിറ, കല്ലട ആറ്റുവരമ്പ് എന്നിവിടങ്ങളിലെ തീരസംരക്ഷണവും തടയണകളിലെ ഷട്ടറുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ നിര്‍ദേശിച്ചു. ജില്ലയിലും സമീപ ജില്ലകളിലും ഉള്‍പ്പടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനെ ജനപ്രതിനിധികള്‍ പ്രത്യേകം അഭിനന്ദിച്ചു.
ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനത്തില്‍ മികച്ച പിന്തുണ നല്‍കിയ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സംഭാവന വിലപ്പെട്ടതാണെന്ന് ജില്ലാ കലക്ടര്‍ വിലയിരുത്തി. ഇതേ ഗതിവേഗത്തില്‍ പ്രവര്‍ത്തിക്കാനായാല്‍ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിനാശം സംബന്ധിച്ച റിപ്പോര്‍ട്ട്, പുനര്‍ജനി പദ്ധതി, സുനാമി കോളനികളിലെ കുടിവെള്ള പ്രശ്‌നപരിഹാരം, നെടുങ്ങോലം വിമുക്തി കേന്ദ്രത്തിന്റെ നിര്‍മാണം, കരുനാഗപ്പള്ളിയില്‍ പുതിയ ട്രാഫിക് പൊലിസ് സ്റ്റേഷന് സ്ഥലമെടുപ്പ്, കടല്‍ക്ഷോഭ മേഖലകളിലെ വീടുകളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച മുന്‍ വികസനസമിതി യോഗത്തിലെ നിര്‍ദേശങ്ങള്‍ക്ക് തുടര്‍നടപടി സ്വീകരിച്ചതായി യോഗം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരണവമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സെക്രട്ടറിതല യോഗം നാളെ കലക്ടറേറ്റില്‍ ചേരാനും തീരുമാനിച്ചു. കടലാക്രമണം നേരിടുന്ന മേഖലകളുടെ ശാസ്ത്രീയ സംരക്ഷണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം 13ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രളയബാധിത മേഖലകളിലെ ശുചീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ആവശ്യാനുസരണം തുടരുമെന്ന് പ്രസിഡന്റ് സി. രാധാമണി യോഗത്തെ അറിയിച്ചു. അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ഷാജി, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."